ഉപ്പുംമുളകും സീരിയലിലെ നടി നൽകിയ ലൈംഗികാതിക്രമ കേസിനെ കുറിച്ച് പ്രതികരണവുമായി നടൻ ബിജു സോപാനം. എസ് പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് നടൻ പ്രതികരിച്ചിരിക്കുന്നത്. ഇത് വ്യാജ പരാതിയാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
”എന്നോട് പലരും ചോദിച്ചു, എന്തുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ തുറന്ന് പറഞ്ഞില്ല എന്ന്. 30 വര്‍ഷം മുമ്പ് ആരംഭിച്ച കലാ ജീവിതമാണ് എന്റേത്. വര്‍ഷങ്ങളോളം നാടകങ്ങളും പരമ്പരയും സിനിമകളും ചെയ്തു. എന്റെ കാലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഇതുപോലൊരു ആരോപണം ഉണ്ടായിട്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് എനിക്ക് സംസാരിക്കാനാകില്ല. അതിന്റെ അർത്ഥം വിഷമമില്ല എന്നല്ല. എന്റെ ഭാര്യക്കും മകൾക്കുമൊക്കെ ഈ സംഭവം വിഷമം ഉണ്ടാക്കി. മകൾ കോളേജിലാണ് പഠിക്കുന്നത്. അതൊരു നല്ല കോളേജ് ആയതുകൊണ്ട് ഇതേക്കുറിച്ചൊന്നും ആരും അവളോട് ചോദിച്ചില്ല”, എന്നാണ് ബിജു സോപാനം ഒൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് പറഞ്ഞത്.
എസ് പി ശ്രീകുമാറിനെക്കുറിച്ചും അഭിമുഖത്തിൽ ബിജു സോപാനം സംസാരിച്ചു: ”അവന് സെറ്റില്‍ വാ തുറന്ന് സംസാരിക്കില്ല. സ്ക്രിപ്റ്റ് പഠിക്കാന്‍ വേണ്ടി മാത്രമേ വാ തുറക്കൂ. ആരുടെ കാര്യത്തിലും ഇടപെടാതെ എവിടെയെങ്കിലും പോയിരിക്കുന്നവനാണ്. മുൻകൂർ ജാമ്യം ലഭിക്കാനൊന്നും വലിയ പാടുണ്ടായില്ല. കോടതിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി”, എന്ന് ബിജു സോപാനം പറഞ്ഞു.
”എന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്തെങ്കിലും ഡിലീറ്റ് ആക്കിയാല്‍ പോലും അവര്‍ക്കത് കണ്ടെത്താനാകും. അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിനുള്ള സമയം എനിക്ക് തരണം. നിയമപരമായി നേരിട്ടേ പറ്റൂ”, എന്നും നടൻ കൂട്ടിച്ചേർത്തു.