കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി കണ്ണാറ വീട്ടിൽ ലിഷൻ (40), പെരുവല്ലൂർ സ്വദേശി പുത്തൻവീട്ടിൽ ആന്റോ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ആന്റോ പറപ്പൂർ റൂട്ടിലോടുന്ന ബസ് ജീവനക്കാരനാണ്. പെരുവല്ലൂർ വായനശാലയ്ക്കു സമീപത്തുനിന്നാണ് ഇവർ പിടിയിലായത്.
സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് ലഹരിവിരുദ്ധ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ വിനോദ്, സിപിഒ പ്രവീൺ, കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.