മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ആർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇന്ന് കാലത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങൾ വളരെ കൂടുതലാണ്. എവിടെ വച്ച് എപ്പോൾ മരണം സംഭവിക്കുന്നു എന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ മരണമോ സംഭവിച്ചാൽ പിന്നീടുള്ള നടപടി ക്രമങ്ങൾ എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന് ബോധം നഷ്ടപ്പെടുമ്പോൾ ആദ്യം ചെറിയ മെഡിക്കൽ പ്രശ്നമാണോ അതോ കൂടുതൽ ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന് വിലയിരുത്തും. CPR-ലും പ്രഥമ ശുശ്രൂഷയിലും പരിശീലനം ലഭിച്ചിട്ടുളള ക്യാബിൻ ക്രൂ ഉടൻ തന്നെ ഇടപെടും. വിമാനത്തിൽ ഒരു ഡോക്ടറോ മെഡിക്കൽ പ്രൊഫഷണലോ ഉണ്ടെങ്കിൽ അവരെ സഹായത്തിനായി ക്ഷണിക്കും. വ്യക്തിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ വിമാന ജീവനക്കാർ പുറത്തുള്ള ഡോക്ടർമാരുമായി കൂടിയാലോചിക്കും. ലൈസൻസുള്ള ഒരു ഡോക്ടർക്ക് മാത്രമേ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയൂ.
മോർച്ചറികൾ ഇല്ലാത്തതിനാൽ വിമാനം ലാൻഡ് ചെയ്യുന്നത് വരെ മൃതദേഹം ക്യാബിനിൽ തന്നെ വയ്ക്കേണ്ടിവരും. ഓരോ എയർലൈനുകൾക്കും വ്യത്യസ്ത നടപടിക്രമങ്ങളാണുളളത്. വിമാനം യാത്രക്കാരെക്കൊണ്ട് നിറഞ്ഞിട്ടില്ലെങ്കിൽ മൃതദേഹം ഏതെങ്കിലും ഒഴിഞ്ഞ നിരയിലേക്ക് മാറ്റി ഒരു പുതപ്പ് കൊണ്ട് മൂടിവയ്ക്കും. ഇനി യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ, ശരീരം സീറ്റ് ബെൽറ്റ് ഇട്ട് മൂടിയ നിലയിൽ തന്നെ വയ്ക്കേണ്ടി വന്നേക്കാം. ചില വിമാനക്കമ്പനികൾക്ക് മൃതദേഹം താൽക്കാലികമായി വയ്ക്കാൻ ഒരു പ്രത്യേക സ്ഥലം ഉണ്ട്.
ഒരു പ്രധാന വിമാനത്താവളത്തിന് സമീപത്തുവച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ പൈലറ്റിന് അടിയന്തര ലാൻഡിംഗ് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ യാത്ര തുടരുന്നതായിരിക്കും. ദൂരം, സ്ഥലം, എയർലൈൻ നിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും തീരുമാനം. വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ, അധികൃതരും, മെഡിക്കൽ ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് പരിശോധിക്കുകയും വ്യക്തി മരിച്ചതായി ഒരു മെഡിക്കൽ പ്രൊഫഷണൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
വിമാനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾക്ക് വിമാനക്കമ്പനികൾ ഉത്തരവാദികളല്ല. എന്നാലും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന് അവർക്ക് നിയമങ്ങളുണ്ട്. അതിൽ പേപ്പർവർക്കുകൾ, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള സഹായം എന്നിവ ഉൾപ്പെടുന്നു.