ഒരു ചിക്കന് എന്ത് വിലവരും? നൂറ്റമ്പതോ ഇരുന്നൂറോ രൂപയെന്നല്ലേ പറയാൻ വരുന്നത്. എന്നാൽ, ചിക്കൻ ഒന്നിന് പതിനായിരം രൂപയിലേറെ വിലയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. പതിനായിരം രൂപയിലേറെ വില വരുന്ന ചിക്കനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. ചൈനയിലെ ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റിൽ വിളമ്പിയ ഹാഫ് ചിക്കന് 480 യുവാൻ ഈടാക്കിയെന്ന ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തലോടെയാണ് പൊന്നുംവിലയുള്ള കോഴി സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. 480 യുവാൻ എന്നു പറഞ്ഞാൽ നമ്മുടെ 5,500 രൂപ വരും. അപ്പോൾ ഒരു ഫുൾ ചിക്കന് 11,000 ഇന്ത്യൻ രൂപ കൊടുക്കണം എന്നർത്ഥം.
ഷാങ്ഹായിലെ റസ്റ്റോറന്റിൽ വിളമ്പിയ ചിക്കന്റെ വില കേട്ട് കണ്ണുതള്ളിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്താണിത്ര തീപിടിച്ച വില എന്ന് ചോദിച്ചിരുന്നു. അതിന് റെസ്റ്റോറന്റ് ഉടമ നൽകിയ മറുപടിയാണ് ഏറെ വിചിത്രം. പാലും കുടിച്ച് ശാസ്ത്രീയ സംഗീതം കേട്ട് വളർന്ന കോഴിയാണെന്നായിരുന്നു റെസ്റ്റോറന്റ് ഉടമയുടെ വിശദീകരണം. അതിനാൽ വില ഒട്ടും കൂടുതലല്ലെന്നും റസറ്റോറന്റ് ഉടമ കൂട്ടിച്ചേർത്തു.
മാർച്ച് 14 നാണ് ബിസിനസുകാരനും ഇൻഫ്ളുവൻസറുമായ നമ്മുടെ കഥാനായകൻ ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റിൽ പോകുന്നകത്. ഇതിന്റെ വീഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്. അവിടത്തെ ചിക്കൻ വിഭവത്തിന്റെ വിലകെട്ട് ഞെട്ടിയ അദ്ദേഹം റെസ്റ്റോറന്റ് ജീവനക്കാരോട് ഇത് പാട്ടുകേട് പാലുകുടിച്ച് വരുന്നതാണോ എന്ന തമാശയായി ചോദിച്ചു. അതേയെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തിൽ ഈ ചോദ്യവും മറുപടിയും തമാശയായിരുന്നു. ഇത്ര വിലകൂടിയ ചിക്കന് പിന്നിലെ കാരണം റസ്റ്റോറന്റ് ഉടമ തന്നെ വിശദീകരിക്കുകയും ചെയ്തു.
അവർ കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചു. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന “സൺഫ്ലവർ ചിക്കൻ” എന്നറിയപ്പെടുന്ന അപൂർവ ഇനത്തിൽപെട്ടതാണത്രെ ഈ കോഴി. ഫാമിന്റെ ഓൺലൈൻ വിവരണമനുസരിച്ച്, സൂര്യകാന്തി തണ്ടുകളിൽ നിന്നും മങ്ങിയ പൂക്കളുടെ തലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന നീര് ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമമാണ് സൂര്യകാന്തി കോഴിക്ക് നൽകുന്നത്. ഇത് ത്രീ-യെല്ലോ ചിക്കൻ ഇനത്തിൽ പെടുന്നു, എംപറർ ചിക്കൻ എന്നും അറിയപ്പെടുന്നു
സൂര്യകാന്തി ചിക്കൻ കൂടുതൽ പ്രീമിയമായി കണക്കാക്കപ്പെടുന്നു, കിലോഗ്രാമിന് 200 യുവാനിൽ കൂടുതൽ വിലയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതായത്, തിലോഗ്രാമിന് 2,300 ഇന്ത്യൻ രൂപ. റെസ്റ്റോറന്റുകളിൽ ഒരു ഫുൾ ചിക്കന് 1,000 യുവാനിൽ കൂടുതൽ വിലയുണ്ടത്രെ. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 11,500 രൂപ വരും ഈ തുക.
നമ്മുടെ നാട്ടിൽ കാണുന്നതൊന്നുമല്ല കോഴികൾ എന്ന് ഇപ്പോൾ തോന്നുന്നില്ലേ? വിലകൂടിയ ചില കോഴികളെ കൂടി പരിചയപ്പെടാം.
അയാം സെമനി
ലക്ഷങ്ങൾ വിലയുള്ള ഒരിനം കോഴിയാണ് അയാം സെമനി. ഇന്തോനേഷ്യയാണ് അയാം സെമനി ഇനത്തിൽപെട്ട കോഴികളുടെ ജന്മദേശം. കോഴികളിലെ ഒരു എക്സോട്ടിക് ബ്രീഡ് ആയി ഇതിനെ കണക്കാക്കുന്നു. ഈ കോഴിയുടെ ചർമവും അവയവങ്ങളും എല്ലുമെല്ലാം കറുപ്പ് നിറമാണ്. അയാം സെമനി ഇനത്തിൽ ആരോഗ്യമുള്ള ആൺ-പെൺ കോഴിക്ക് കുറഞ്ഞത് 5,000 ഡോളർ വരെ എണ്ണിക്കൊടുക്കേണ്ടി വരും. അതായത്, നാലു ലക്ഷം രൂപയിലേറെ നൽകിയാലെ ഇതിലൊന്നിനെ നമുക്ക് സ്വന്തമാക്കാൻ കഴിയൂ.
ഇന്തോനേഷ്യൻ ബ്ലാക്ക് ഹെൻ എന്നും ഇത് അറിയപ്പെടുന്നു. ആന്തരിക അവയവങ്ങൾ പോലും കറുത്തിട്ടാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം മുട്ടയുടെ നിറം ഓഫ്-വൈറ്റാണ്.
ദോംഗ് ടാവൂ
ലക്ഷങ്ങളാണ് ദോംഗ് ടാവൂ കോഴികളുടെയും വില. ഡ്രാഗൺ ചിക്കൻ എന്നതാണ് മറ്റൊരു പേര്. വിയറ്റ്നാമാണ് സ്വദേശം. കാലുകളുടെ നീളവും വീതിയുമാണ് ഇതിനെ മറ്റ് കോഴികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രായം കൂടുന്തോറും ഈ കോഴിയുടെ കാലിന്റെ വലിപ്പം വർദ്ധിക്കും. കൊഴുപ്പ് കുറവും കൊളാജൻ അധികവുമുള്ള ഇറച്ചി കാരണം ഇതിന് നല്ല വിലയാണ്. ഒന്നര ലക്ഷം രൂപയിലേറെയാണ് ഇതിൽ ഒന്നിനെ വാങ്ങണമെങ്കിൽ നൽകേണ്ടി വരിക. സൗന്ദര്യം വർദ്ധിക്കാൻ ഈ കോഴിയിറച്ചി നല്ലതാണെന്ന് പറയപ്പെടുന്നു
ഡെത്ത് ലേയർ
നാടൻ കോഴികളുടെ ജർമൻ ഇനമാണിത്. അപൂർവമായതിനാൽ ഇതിന് വിലയും കൂടുതലാണ്. കാണാനും നല്ല ഭംഗിയാണ് ഇത്തരം കോഴികൾക്ക്. ഏറ്റവും കുറഞ്ഞത് 250 ഡോളറെങ്കിലും ഇതിൽ ഒന്നിനെ വാങ്ങണമെങ്കിൽ നൽകണമത്രെ. അതായത് ഇരുപതിനായിരം രൂപയിലേറെ.
ലീഗ് ഫൈറ്റർ
ബെൽജിയത്തിൽ നിന്നുള്ള ഈ കോഴി വളരെ ശക്തനാണ്. വലിപ്പത്തിലും മുൻപിലാണ്. ആക്രമണകാരിയായി ഇവയെ വിലയിരുത്തുന്നു. കോഴിപ്പോര് നടത്താൻ ഈ ഇനങ്ങളെ പണ്ടുമുതൽ ഉപയോഗിക്കാറുണ്ട്. 150 ഡോളറാണ് ഇതിന്റെ വില.
ഒറസ്റ്റ്
ഇന്നത്തെ കാലത്ത് കാണാൻ പോലും കിട്ടില്ലെന്ന് വിശേഷിപ്പിക്കുന്ന ഇനമാണിത്. സ്കാൻഡിനേവിയൽ ചിക്കനാണിത്. സ്വീഡിഷ് ദ്വീപാണ് ജന്മദേശം. ഇതിന് 100 ഡോളറാണ് വില. അതായത് നമ്മുടെ നാട്ടിലെ എണ്ണായിരം രൂപയിലേറെ.
ഒലൻദ്സ്ക് ഡ്വാർഫ്
ഇതും ഒരു സ്വീഡിഷ് ചിക്കനാണ്. താരതമ്യേന വലിപ്പം കുറഞ്ഞ ഇനമാണിത്. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദമുണ്ട്. കൃത്യമായ ഒരു നിറം ഇതിന് പറയാനാകില്ല. വിവിധ വർണങ്ങളുള്ള തൂവലുകളാണ് ഇവയ്ക്കുണ്ടാകുക. ഇത്തിരിക്കുഞ്ഞനെങ്കിലും ഇതിനെ ഒന്നിനെ വാങ്ങണമെങ്കിലും 100 ഡോളർ വേണം.