Your Image Description Your Image Description

ജില്ലയിൽ ആദ്യമായി ആരംഭിച്ച എംബാങ്ക്മെന്റ് മല്‍സ്യകൃഷിയില്‍ കരിമീന്‍ കൊയ്ത്ത്ത് നടത്തി ‘ചങ്ങാതിക്കൂട്ടം’ സ്വയംസഹായസംഘം. മത്സ്യകർഷകർക്ക് കൈത്താങ്ങേകാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ എംബാങ്ക്മെന്റ് മത്സ്യകൃഷി ജില്ലയില്‍ ആദ്യമായി ആരംഭിച്ച ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ പഞ്ചായത്തിലെ കോട്ടച്ചാലില്‍ സംഘടിപ്പിച്ച വിളവെടുപ്പാണ് കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷ പകര്‍ന്നത്. ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തി

ജലാശയങ്ങളിൽ വലവളപ്പുകൾ നിർമ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക ചിറകൾ, തടയിണകൾ എന്നിവ നിർമ്മിച്ച് തദ്ദേശീയ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനത്തിലൂടെ വളർത്തിയെടുക്കുന്ന രീതിയാണ് എംബാങ്കുമെന്റ് മത്സ്യകൃഷി.

എസ് സനീഷിന്റെ നേതൃത്വത്തിലുള്ള ‘ചങ്ങാതിക്കൂട്ടം’ സ്വയംസഹായസംഘം 2024 ഫെബ്രുവരി 26 നാണ് മുളക്കുഴ രണ്ടാം വാർഡിലെ കോട്ടച്ചാലിൽ ഈ രീതിയില്‍ മത്സ്യകൃഷി ആരംഭിച്ചത്. 5000 വീതം കരിമീൻ, വരാൽ മത്സ്യകുഞ്ഞുങ്ങളെയാണ് ഒരു ഹെക്ടർ സ്ഥലത്ത് നിക്ഷേപിച്ചത്. കഴിഞ്ഞയാഴ്ച്ച മത്സ്യകൃഷി വിളവെടുപ്പിൻ്റെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇവിടെ നിർവഹിച്ചിരുന്നു. കൃത്യമായ പരിപാലനത്തിലൂടെ മികച്ച വിളവ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് സനീഷും സുഹൃത്തുകളും. നാടൻ മത്സ്യ ഇനങ്ങളായതിനാൽ ഹോട്ടലുകളില്‍ നിന്നടക്കം നിരവധി ആവശ്യക്കാരെത്തുന്നുണ്ടെന്ന് സനീഷ് പറഞ്ഞു.

പൊതുജലാശയങ്ങളെ മത്സ്യകൃഷിക്കായി പരിസ്ഥിതി സൗഹൃദ രീതിയിൽ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തോടുകളിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകാത്ത രീതിയിലാണ് തടയിണകൾ നിർമ്മിക്കുക. നാടൻ മത്സ്യങ്ങളുടെ ഉൽപ്പാദനമാണ് പ്രധാനമായും എംബാങ്ക്മെന്റ് കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയിൽ കരിമീനിനും വരാലിനുമാണ് ആവശ്യക്കാർ കൂടുതൽ.
5000 വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ 6 മാസത്തിനുള്ളിൽ 4000 കിലോ മത്സ്യം വിളവെടുക്കാനാവും. 5000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ 1500 കിലോ മത്സ്യം ലഭിക്കും. കൃത്യവും ശാസ്ത്രീയവുമായ പരിപാലനത്തിലൂടെ നാലു മുതൽ ആറു മാസക്കാലം കൊണ്ട് 300 മുതൽ 400 ഗ്രാം വരെയുള്ള മത്സ്യം വിളവെടുക്കാനാകും. ഫ്ലോട്ടിംഗ് ഫീഡ് എന്ന തീറ്റയാണ് പ്രധാനമായും മത്സ്യങ്ങള്‍ക്ക് നല്‍കുന്നത്. ദിവസം രണ്ടു നേരം തീറ്റ നല്‍കണം. രാവിലെ വെയിൽ ഉദിക്കുന്നതിനു മുൻപാണ് തീറ്റ നൽകേണ്ടത്.
സംസ്ഥാന വ്യാപകമായി 50 ഹെക്ടർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രം രണ്ട് ഹെക്ടറില്‍ എംബാങ്ക്മെന്റ് കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടമെന്നോണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ പഞ്ചായത്ത് പത്താം വാർഡിലെ ചാങ്ങപ്പാടം ചാലിൽ ജലനിധി മത്സ്യകർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്വയം സഹായസംഘം വഴി ഒരു ഹെക്ടർ സ്ഥലത്ത് 1000 കരിമീൻ കുഞ്ഞുങ്ങളെയും 9000 വരാൽ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്.
കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ പോലെയുള്ള കൂട്ടായ്മകൾക്കാണ് എംബാങ്ക്മെന്റ് കൃഷി ചെയ്യാൻ അവസരം. താൽപ്പര്യമുള്ളവർ അതാത് ബ്ലോക്ക്‌ പഞ്ചായത്തുകളിലെ മത്സ്യഭവനുമായി ബന്ധപ്പെടണം. കുറഞ്ഞത് മൂന്ന് വർഷമാണ് എംബാങ്ക്മെന്റ് മത്സ്യകൃഷി ചെയ്യേണ്ടത്. ഒരു ഹെക്ടറിൽ കൃഷി ചെയ്യുന്നതിന് 15 ലക്ഷം രൂപയാണ് ചെലവ്. ആദ്യ വർഷം മാത്രമാണ് ഇത്രയും ചെലവ് വരുന്നത്. ഇതിൽ ഒമ്പത് ലക്ഷം രൂപ (60 ശതമാനം) സബ്സിഡിയായി ലഭിക്കും. ബാക്കി ഗുണഭോക്തൃ വിഹിതമാണ്. പ്രധാനമായും ചെലവ് വരുന്നത് നിലം ഒരുക്കുന്നതിനാണ്. മത്സ്യകുഞ്ഞുങ്ങൾക്കും മത്സ്യ തീറ്റയ്ക്കും 20 ശതമാനം സബ്സിഡിയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *