Your Image Description Your Image Description

വിഘട യാക്കോബായ വിഭാഗത്തിലാണെങ്കിലും സത്യം പറഞ്ഞാൽ അഭിനന്ദിച്ചേ തീരൂ, അതാണ് മാന്യത. സഖറിയാസ് മാർ പീലക്‌സിനോസ് തിരുമേനിയുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഏത് ക്രിസ്തീയ സഭയിലായാലും അനുവർത്തിക്കേണ്ട കാര്യങ്ങൾ തന്നെയാ . ആര് പറയുന്നൂവെന്നല്ല , എന്ത് പറഞ്ഞുവെന്നാണ് ചിന്തിക്കേണ്ടത് .

ദേവാലയമെന്ന് എളുപ്പത്തിൽ പറയുമെങ്കിലും ദൈവാലയം എന്നാണ് ശരി, അതായത് ദൈവത്തിന്റെ ആലയം . ആ ദൈവത്തിൻ്റെ ആലയത്തിൽ പരികർമ്മിക്കുന്നവരും ശുദ്ധിയുള്ളവരായിരിക്കണം. മദ്ബഹായിലും ബലിപീഠത്തിലും ഉപയോഗിക്കുന്ന അചേതന ഉപകരണങ്ങളെപ്പോലും വളരെ ആദരവോടെയാണ് നാം കൈകാര്യം ചെയ്യുന്നതും നോക്കികാണുന്നതും .

ദൈവാലയവുമായി ബന്ധപ്പെട്ട എന്തുകാര്യം ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം ശുശ്രൂഷകളാണ്, അതിനി പ്രതിഫലം വാങ്ങി ചെയ്താലും അല്ലെങ്കിലും ശുശ്രൂഷ തന്നെയാണ് . ട്രസ്റ്റി, സെക്രട്ടറി, ഭരണസമിതിക്കാരെല്ലാവരും അധികാരികളല്ല , മറിച്ചു ശുശ്രൂഷകളാണു ചെയ്യുന്നത്.

ഞാൻ ചെയ്യുന്നത് ദൈവഭവനത്തിന് വേണ്ടുന്ന കാര്യമെന്ന ചിന്തയോടെ, ചെയ്യാതെ, അവിടെ രാഷ്ട്രീയം കളിക്കാനും ഉടായിപ്പ് കാണിക്കാനും തുടങ്ങിയാൽ ആദ്യമൊന്നും അറിയില്ല, പക്ഷെ കാലക്രമത്തിൽ പണി കിട്ടുമെന്നത് സത്യം തന്നെയാണ് . അത്തരക്കാർക്ക് കിട്ടിയിട്ടുമുണ്ട് കിട്ടുന്നുമുണ്ട്.

പക്ഷേ ചെറിയ രീതിയിലുള്ള ശിക്ഷകൾ ലഭിക്കുമ്പോൾ അത് ഞാൻ നേരെയാകാൻ ദൈവം എനിക്ക് തന്ന ശിക്ഷണത്തിൻ്റെ ഭാഗമാണന്ന് മനസ്സിലാക്കി തിരുത്തിയാൽ അവനവനു കൊള്ളാം. അല്ലാത്തപക്ഷം ദൈവകാരുണ്യം ലഭിക്കാത്ത അവസ്ഥയിലേക്കെത്തും, പിന്നെ ഉണ്ടാകുന്ന നാശത്തിൽ നിന്ന് കരകയറ്റാനോ സ്വയം കയറുവാനോ ആർക്കും സാധ്യമാകില്ല.

ആഴ്ചയിൽ ആറു ദിവസവും തോന്ന്യാസം നടക്കുകയും ഏഴാം ദിവസം കുളിച്ച് വെള്ളവസ്ത്രവും ധരിച്ച് കയ്യിലൊരു പുസ്തകവുമായി , മധുരോദാരമായ വാക്കുകൾ വായിലും , വിനീത ഭാവം മുഖത്തും വരുത്തി, ഭക്തിപൂർവ്വം ആരാധനയിൽ പങ്കെടുക്കുകയും ചെയ്താൽ പള്ളികളിൽ കാണുന്നവർ , അയ്യോ അദ്ദേഹത്തെപ്പോലൊരു ഭക്തൻ വേറേയില്ലന്ന് പറയുമായിരിക്കും.

പക്ഷേ അന്തരംഗങ്ങളെ ശോധന ചെയ്യുന്നവനായ ദൈവത്തിനു മുന്നിൽ നിൻ്റെ അഭ്യാസങ്ങൾ അത് നീ എത്ര മിടുക്കാനാണെന്ന് നീ ചിന്തിച്ചാലും വിലപ്പോകില്ല. പിന്നെ ഇതുകൊണ്ടൊക്കെ എന്തു ഫലം ? മനുഷ്യൻ്റെ മുന്നിൽ നല്ലവനാകാം, അങ്ങാടിയിൽ വന്ദനം ലഭിക്കും, പള്ളിയിൽ മുഖ്യാസനം ലഭിക്കും ,തലക്കനം കൂടും , ഞാനാരോ ആണെന്ന് വിചാരിച്ചു പോകും .

എന്നാൽ വേർപാടിൻ വേളയിലാത്മം മെയ്യോടോതും ,എടാ ശരീരമേ ഈ ധനമാനങ്ങൾ എന്ത് ഗുണമാടാ എനിക്കുണ്ടാക്കിയതന്ന് ? വിധി നിലയത്തിൽ ചോദിക്കുന്ന ഗുണങ്ങളെന്തെങ്കിലുമാണ് നീ ചെയ്തു വച്ചിരുന്നതെങ്കിൽ എനിക്ക് വല്ല ഗുണവും കിട്ടിയേനെ, ഇതിപ്പോൾ ഞാൻ ദാ പോകുകയാണ് ഭീകരമായ സിംഹാസനത്തിനു മുന്നിലേക്ക് ?

ഇവിടെ സഹായിക്കാൻ ധനമില്ല മാനമില്ല കൂട്ടുകാരില്ല സ്ഥാനമാനങ്ങളില്ല. എല്ലാം ശവകല്ലറ വരെ മാത്രം. ഈ സത്യം ഇപ്പൊൾ ഇടവകയുടെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന കാലത്ത് സ്ഥാനങ്ങൾക്ക് വേണ്ടി ഇടിച്ചിടിച്ചു നിൽക്കുന്നവരും ഗ്രൂപ്പ് കളിയിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റി സ്വാധീനം ചെലുത്താൻ നോക്കുന്നവരും മനസ്സിലാക്കണം.

വോട്ട് ചെയ്യുന്ന സാധാരണക്കാരും എല്ലാം തിരിച്ചറിഞ്ഞ് മദ്യപാനികളെയും ദുർമാർഗ്ഗികളെയും ഭരണ സമിതിയിൽ നിന്ന് മാറ്റി നിർത്തുവാനുള്ള ആർജ്ജവം കാണിക്കണം. നിയമമല്ലെങ്കിലും രണ്ടു വർഷത്തിൽ കൂടുതൽ ട്രസ്റ്റി സെക്രട്ടറി സ്ഥാനങ്ങളിലിരുന്നവർ സ്വയം മാറാൻ തയ്യാറാകണം.

ഉദ്ദേശ ശുദ്ധിയില്ലാത്ത പ്രവർത്തനങ്ങൾ നിർത്തണം. ഇതെല്ലാമാണ് ചെയ്യേണ്ടത്. പൊതുയോഗങ്ങളിൽ മാക്സിമം ഇടവക ജനങ്ങൾ പങ്കെടുക്കണം . അത് വിശ്വാസികളുടെ അവകാശം മാത്രമല്ല ഉത്തരവാദിത്തവുമാണ്. പൊതുയോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നിട്ട് പള്ളിയിൽ നടക്കുന്നതോന്നും ശരിയല്ലന്ന് വിമർശിക്കുന്നത് അർത്ഥ ശൂന്യവും അതിൻ്റെ പൂർണ്ണ ഉത്തരവാദികൾ നിങ്ങൾ തന്നെയുമാണ്.

പൊതുയോഗത്തിൽ പങ്കെടുത്ത് സ്വന്ത അഭിപ്രായം പറയാത്തവന് മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ വിമർശിക്കാൻ എന്തവകാശമാണുള്ളത് ? ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നാൽ പിന്നെ കൊള്ളരുതായ്മകൾ അരങ്ങേറുമ്പോൾ കണ്ടാലും മിണ്ടാതെയിരിക്കാനെ അവകാശമുള്ളൂ.

പല ദേവാലയങ്ങളിലും നടക്കുന്നത് നമ്മൾ കണ്ടും കേട്ടുമിരിക്കുവാ , സഭാ നേതൃത്വത്തിൽ തന്നെ കള്ളും കവറും കൊടുത്ത് തെരഞ്ഞെടുപ്പിലൂടെ കയറിപ്പറ്റിയവരുണ്ട്. അവരെ ആദ്യം പുറത്താക്കി ശുദ്ധികലശം ചെയ്യണം .

ഇങ്ങനെയുള്ളവർ അധികാര സ്ഥാനത്ത് വരുമ്പോഴാണ് പള്ളികൾ പൂരപ്പറമ്പാകുന്നത് . പള്ളികളിലെയും ഭദ്രാസനത്തിലെയും സഭയുടെയും സ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടു വന്നവർക്ക് നെഞ്ചത്ത് കൈവെച്ചോണ്ട് പറയാമോ , മദ്യപാനികളല്ലന്ന് , ലഹരി ഉപയോഗിക്കില്ലെന്ന് . അങ്ങനെയുള്ളവരെ മറ്റുള്ളവർ കണ്ടെത്തി ആക്ഷേപം നേരിടാതെ , സ്വയം തിരിച്ചറിഞ്ഞു മാറി നിൽക്കണം . മാതൃകയാവണം

Leave a Reply

Your email address will not be published. Required fields are marked *