Your Image Description Your Image Description

അഹമ്മദാബാദ്: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പൂട്ടി കിടന്ന അപ്പാർട്മെന്റിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് സ്വർണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് 100 കോടിയോളം രൂപ വില വരുന്ന സ്വർണക്കട്ടികളും ആഭരണങ്ങളും ആഡംബര വാച്ചുകളുമാണ് പിടികൂടിയത്. ഭീകര വിരുദ്ധ സ്ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസും (ഡിആർഐ) സംയുക്തമായാണ് ഓപ്പറേഷേൻ നടത്തിയതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. പരിശോധനയിൽ 88 കിലോഗ്രാം സ്വർണക്കട്ടികളും 19.66 കിലോഗ്രാം സ്വർണാഭരണങ്ങളും 11 ആഡംബര വാച്ചുകളും 1.37 കോടി രൂപയുമാണ് പിടികൂടിയത്.

അപ്പാർട്ട്മെന്‍റ് വാടകയ്‌ക്കെടുത്തത് മേഘ് ഷാ എന്നയാളാണ്. മേഘ് ഷായും പിതാവ് മഹേന്ദ്ര ഷായും ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. ദുബായിൽ വ്യവസായിയാണ് ഇയാൾ എന്നാണ് ലഭ്യമാകുന്ന വിവരം. സ്വർണ ബിസ്‌ക്കറ്റുകളിൽ മിക്കവയിലും വിദേശ അടയാളങ്ങളുള്ളതിനാൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയ സ്വർണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 57 കിലോഗ്രാമോളം സ്വർണം വിദേശത്ത് നിന്ന് എത്തിച്ചതാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

റെയ്ഡിന് എത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതേ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നാലാം നിലയിൽ താമസിക്കുന്ന ബന്ധുവിന്‍റെ പക്കലായിരുന്നു താക്കോൽ. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ചോദ്യം ചെയ്യുകയാണ്. ഗുജറാത്ത് എടിഎസ് കേസ് ഡിആർഐക്ക് കൈമാറി. പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (എടിഎസ്) സുനിൽ ജോഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *