Your Image Description Your Image Description

യുപിയിൽ ഏഴ് വയസുകാരിയായ മകളെ ബലാത്സം​ഗം ചെയ്ത് കഴുത്തുഞെരിച്ച് കൊന്ന ശേഷം കുറ്റം അയൽവാസിയായ സ്ത്രീയെ പ്രതിയാക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് ലോണി ബോർഡർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. ​ഗ്യാൻ സിങ് എന്നയാളാണ് മകളെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം അയൽവാസിക്കെതിരെ വ്യാജപരാതി നൽകിയത്.

മാർച്ച് 12ന് അയൽവാസിയായ ശാന്തി ദേവി നൽകിയ കറി കഴിച്ച് മകൾ മരിച്ചെന്നും ഭാര്യക്കും മറ്റ് അ‍ഞ്ച് മക്കൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ആരോപിച്ച് ഇയാൾ പരാതി നൽകുകയായിരുന്നു. പരാതിയിൽ ശാന്തി ദേവിക്കെതിരെ ബിഎൻഎസ് വകുപ്പ് 105 പ്രകാരം കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡെൽഹിയിലെ ജിടിബി ആശുപത്രിയിൽ മകളെ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം മറ്റ് അഞ്ച് മക്കളും ഭാര്യയും ഡിസ്ചാർജായി. മരിച്ച മകളുടെ പോസ്റ്റ്മോർട്ടം നടത്താൻ ​ഗ്യാൻ സിങ് വിസമ്മതിക്കുകയും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്.

തുടർന്ന്, എംഎംജി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് ഉത്തരവിട്ടു. കുട്ടി ബലാത്സം​ഗത്തിന് ഇരയായതായും ശ്വാസംമുട്ടിയാണ് മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതോടെ ലോണി ബോർഡർ പൊലീസ് തിങ്കളാഴ്ച ​ഗ്യാൻസിങ്ങിനെ അറസ്റ്റ് ചെയ്യുകയും തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *