മുംബൈ: നാഗ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു. 5 കേസുകളില്‍ 60 പേരെ അറസ്റ്റ് ചെയ്തു. ഒട്ടേറെ വാഹനങ്ങളും കടകളും വീടുകളും അക്രമി സംഘം തകര്‍ത്തു. കല്ലും പെട്രോള്‍ ബോംബും വാളും വടിയും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ 33 പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ജനങ്ങളെ ഇളക്കിവിട്ടതില്‍ വിക്കി കൗശലിന്റെ സിനിമ ‘ഛാവ’യ്ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് മണിക്കൂറുകളോളം സംഘര്‍ഷമുണ്ടായത്. കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കുല്‍ദാബാദില്‍ സ്ഥിതി ശാന്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ പതിവുപോലെ എത്തുന്നുണ്ട്.