Your Image Description Your Image Description

ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ സർക്കാർ പിന്‍വലിച്ചു.
സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നതിന് മുൻപാണ് സമരക്കാരുടെ ഈ ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് .

മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാര്‍ പറഞ്ഞു.
സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

എന്നിട്ടും സമരം പിൻവലിച്ചു തിരുവനന്തപുരം വിടില്ലെന്നാണ് ആശമാർ പറയുന്നത് . നിരാശപ്പെടാനില്ലെന്ന മുന്നറിയിപ്പോടെയാണ് ഇന്ന് രാവിലെ ആശമാര്‍ ഭരണസിരാകേന്ദ്രം വളഞ്ഞത് . അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ലെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുഴക്കി .

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നുമാണ് അവർ ആരോപിക്കുന്നത് . സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.കെ. രമ, ബാബു ദിവാകരന്‍ തുടങ്ങിയവരടക്കം ഒട്ടേറെ നേതാക്കളെത്തി.

പ്രകടനത്തിനൊടുവില്‍ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ പൊരിവെയിലില്‍ കിടന്നു പ്രതിഷേധിച്ചു. ആശമാരുടെ സമരവേദിക്കു സമീപം അങ്കനവാടി ജീവനക്കാര്‍ കൂടി സമരം ആരംഭിച്ചതോടെ ആയിരക്കണക്കിനു സ്ത്രീകളുടെ പ്രതിഷേധചൂടിലായി സെക്രട്ടേറിയറ്റു പരിസരം.

സെക്രട്ടേറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതരയോടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചത്. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്.

അതിനിടെ സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുൻപുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *