Your Image Description Your Image Description

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. കമ്മീഷനെ നിയമിച്ചതിന്റെ സാധുത ചോദ്യംചെയ്‌ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകും.

വഖഫ് സംരക്ഷണ വേദിക്ക് ഹർജി ഫയൽ ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. മുമ്പും കേസിൽ ഇവർ ഇടപെട്ടിട്ടുണ്ട്. കേസിൽ പൊതു താൽപ്പര്യമുണ്ട്. ഇക്കാരണത്താൽ ഹർജിക്ക് സാധുതയുണ്ടെന്ന് കോടതിക്ക് വ്യക്തമായി. അതിന് ശേഷമാണ് ഹർജി പരിഗണിച്ചത്.

വഖഫ് ബോർഡിന്റെയും വഖഫ് ട്രൈബ്യൂണലിന്റെയും പരിധിയിലുള്ളതാണ് മുനമ്പം ഭൂമി. ഇത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതിയും നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരവും അവകാശവുമുണ്ടോ എന്നും കോടതി പരിശോധിച്ചു.

വഖഫ് ബോർഡിന് വഖഫ് ഭൂമിയിൽ പൂർണ അധികാരമുണ്ട്. അവർക്ക് കൃത്യമായ നിയമ സംഹിതയുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാഹ്യശക്തിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി കണ്ടെത്തി.
പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് കഴിഞ്ഞ നവംബറിലായിരുന്നു .

ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവ കണ്ടെത്തണം. എറണാകുളം ജില്ലയിലെ മുനമ്പത്ത് വര്‍ഷങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥതയെക്കുറിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനുമാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിന്റെ പഴയ സര്‍വേ നമ്പര്‍ 18/1 ല്‍ ഉൾപ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണം. എന്നിവയായിരുന്നു കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ .

റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരെയാണ് ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചിരുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *