സൂപ്പര്‍ഹിറ്റ് ചിത്രം ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ആണ് പുറത്തുവരുന്നത്. രാഹുല്‍ സദാശിവന് – പ്രണവ് ചിത്രം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 2 ന് വടകരയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഭ്രമയുഗത്തിന് സംഗീതം നല്കിയ ക്രിസ്റ്റോ സേവ്യര്‍ തന്നെയാണ് ഈ പ്രണവ് മോഹന്‍ലാല്‍ സിനിമയ്ക്കും സംഗീതം ഒരുക്കുക. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആര്‍ട്ട് ഡയറക്റ്റര്‍ ആയ ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം നീണ്ടു നില്ക്കും.