Your Image Description Your Image Description

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ (ഐസിസ്) കമാന്‍ഡറും പ്രധാന നേതാവുമായ അബു ഖദീജയും അയാളുടെ കൂട്ടാളിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുല്ല മക്കി മുസ്ലെഹ് അൽ-റിഫായ് ഐഎസിന്‍റെ പ്രധാന നേതാവായിരുന്നു. ഐഎസിന്റെ ആഗോള നേതാവ് സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെട്ടിരുന്ന പ്രധാന നേതാവായിരുന്നു ഇയാൾ. യുഎസ്, ഇറാഖി-കുർദിഷ് സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് ഐഎസ് തലവൻ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും സംഭവം സ്ഥിരീകരിച്ചു. ഇറാഖി സുരക്ഷാ സേനയുടെയും യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെയും ഓപ്പറേഷൻ ഇറാഖ് പ്രധാനമന്ത്രി പ്രശംസിച്ചു.

ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാൾ എന്നാണ് അബു ഖദീജയെ അദ്ദേഹം വിശേഷിപ്പിച്ചത്. അബു ഖദീജയുടെ ഉന്മൂലനം ഇറാഖിന്റെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നിർണായക വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖിലെ പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിൽ വ്യോമാക്രമണത്തിലൂടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ, സിറിയൻ വിദേശകാര്യ മന്ത്രി അസാസ് അൽ-ഷൈബാനിയുടെ ഇറാഖ് സന്ദർശനത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തിൽ ഇറാഖുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ തയ്യാറാണെന്നും സിറിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

ബാഗ്ദാദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയതിനെ തുടർന്ന് ഡിസംബറിൽ ഇറാഖ്-സിറിയ അതിർത്തി അടച്ചിരുന്നു. വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി അതിർത്തി വീണ്ടും തുറക്കേണ്ടതിന്റെ പ്രാധാന്യവും അൽ-ഷൈബാനി എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *