Your Image Description Your Image Description

ജറുസലം: പലസ്തീനികളെ ​ഗാസയിൽ നിന്നും ഒഴിപ്പിക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പലസ്തീനികളെ പുനരധിവസിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ എന്നിവിടങ്ങളിൽ ​ഗാസയിൽ നിലവിലുള്ളവരെ മാറ്റി പാർപ്പിക്കുകയാണ് അമേരിക്കൻ പദ്ധതി. ഇതുസംബന്ധിച്ച് അമേരിക്കയയും ഇസ്രയേലും ഈ ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ച നടത്തി. സുഡാൻ, സൊമാലിലാൻഡ് എന്നീ രാജ്യങ്ങൾ അമേരിക്കയുടെ നിർദ്ദേശം തള്ളിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇതു സംബന്ധിച്ച വാർത്തകളോട് അമേരിക്കയും ഇസ്രയേലും ഇനിയും പ്രതികരിച്ചിട്ടില്ല. ചർച്ചകൾ സംബന്ധിച്ച വിശ​ദാംശങ്ങൾ സൊമാലിയയും പുറത്തുവിട്ടിട്ടില്ല. സൊമാലിയയിൽനിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാൻഡ്. ദീർഘകാലമായ ആഭ്യന്തരയുദ്ധത്തിൽ തകർന്നുതരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ 1.2 കോടിയോളം വരും.

പലസ്തീൻകാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി. ഈ മാസമാദ്യം നടന്ന അറബ് ഉച്ചകോടി, പലസ്തീൻകാരെ കുടിയൊഴിപ്പിക്കാതെയുള്ള ഗാസ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

അതേസമയം, ഗാസയിൽ ജീവനോടെ ശേഷിക്കുന്ന ഏക അമേരിക്കൻ ബന്ദിയായ ഈഡൻ അലക്സാണ്ടറെ (21) വിട്ടയയ്ക്കാമെന്നു ഹമാസ് സമ്മതിച്ചു. 4 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം.

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തുമാണ് രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണ്. മാർച്ച് രണ്ടു മുതൽ ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ ഇസ്രയേൽ നടപടി പിൻവലിപ്പിക്കാനും രാജ്യാന്തര സമ്മർദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.

ഗാസയിൽ പട്ടിണി അതിരൂക്ഷമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​ഗാസയിലേക്ക് ഭക്ഷണം എത്താതായിട്ട് 13 ദിവസങ്ങൾ പിന്നിട്ടു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേൽ തടഞ്ഞതോടെ നരകയാതനയിലാണ് ​ഗാസയിലെ പലസ്തീനികൾ. ​ഗാസക്കെതിരെ സമ്പൂർണ ഉപരോധമാണ് ഇസ്രയേൽ നടപ്പാക്കുന്നത്. ​ഗാസയിലെ സമാധാനം സംബന്ധിച്ച് ഖത്തറിൽ ചർച്ചകൾ പുരോ​ഗമിക്കവെയാണ് ​ഗാസ മുനമ്പിൽ ഇസ്രയേൽ സമ്പൂർണ ഉപ​രോധം നടപ്പാക്കുന്നത്.

60 ദിവസത്തെ വെടിനിർത്തലിനും ജീവനോടെ ശേഷിക്കുന്ന 10 ബന്ദികളുടെ മോചനത്തിനുമുള്ള ചർച്ചകളാണ് ഖത്തറിന്റെ തലസ്ഥാനമായ ​ദോഹയിൽ പുരോ​ഗമിക്കുന്നത്. ഇസ്രയേൽ–ഹമാസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദ്ദേശങ്ങളാണ് ഇരുകൂട്ടരും ചർച്ച ചെയ്യുന്നത്.

അതേസമയം, ഗാസ യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ഗാസയിലെ വ്യാപകമായ നാശം പരിശോധിച്ച യുഎൻ സംഘം, ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേൽ മാരകശേഷിയുള്ള ബോംബാക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി. കുട്ടികളും സ്ത്രീകളും വിവരണാതീതമായ ക്രൂരതകൾ നേരിട്ടതായും യുഎൻ റിപ്പോർട്ട് പറയുന്നു. തടവുകാർ ബലാത്സംഗത്തിനും ഇരകളായി. യുഎൻഎച്ച്ആർസി മുൻമേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യാന്തര ക്രിമിനൽ കോടതിയിൽ ഇസ്രയേലിനെതിരായ തെളിവായി റിപ്പോർട്ട് ഉപയോഗിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *