ബ്രഹ്മാസ്ത്ര 2 ന്റെ വലിയ അപ്ഡേറ്റ് പങ്കുവെച്ച് നടൻ രൺബീർ കപൂർ. മുംബൈയിൽ മാധ്യമപ്രവർത്തകരുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തിയതിന് ശേഷം , 2022 ലെ തന്റെ ബ്ലോക്ക്ബസ്റ്ററിന്റെ തുടർച്ചയെക്കുറിച്ച് സൂചന നൽകുകയായിരുന്നു നടൻ. അയൻ മുഖർജി നിലവിൽ വാർ 2 ന്റെ തിരക്കിലായതിനാൽ, ഹൃത്വിക് റോഷൻ നായകനായ ബ്രഹ്മാസ്ത്ര 2 ന്റെ പ്രീ-പ്രൊഡക്ഷൻ ഉടനെ തന്നെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീർ.
“വളരെക്കാലമായി ഒരു സ്വപ്നമായി ‘അയാൻ’ കരുതി വച്ചിരുന്ന ഒന്നാണ് ബ്രഹ്മാസ്ത്ര 2. അദ്ദേഹം ഇപ്പോൾ വാർ 2 വിന്റെ പണിപ്പുരയിലാണ്. ഈ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞാൽ, അദ്ദേഹം ബ്രഹ്മാസ്ത്ര 2 ന്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കും. തീർച്ചയായും അത് സംഭവിക്കും. ഞങ്ങൾ അതിൽ കൂടുതലൊന്നും പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ ബ്രഹ്മാസ്ത്ര 2 നെക്കുറിച്ച് വളരെ രസകരമായ ചില പ്രഖ്യാപനങ്ങൾ ഉടൻ തന്നെ ഉണ്ടാകും,” രൺബീർ പറഞ്ഞു.
ആലിയ ഭട്ട് ആദ്യമായി സ്ക്രീൻ പങ്കിട്ട ചിത്രമായിരുന്നു ഇത്. അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഷാരൂഖ് ഖാനും ചിത്രത്തിൽ ഒരു പ്രത്യേക വേഷം ചെയ്തു. ബോക്സ് ഓഫീസിൽ 400 കോടിയോളം രൂപയാണ് ചിത്രം നേടിയത്.
2023 ഏപ്രിലിൽ, ഒരു പ്രസ്താവനയിൽ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം, മൂന്നാം ഭാഗം എന്നിവയുടെ റിലീസ് തീയതി വെളിപ്പെടുത്തിയിരുന്നു. തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ഡിസംബറിൽ റിലീസ് ചെയ്യുമെന്നും മൂന്നാമത്തെയും അവസാനത്തെയും ഭാഗം ഒരു വർഷത്തിനുശേഷം, അതായത് 2027 ൽ തിയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിതേഷ് തിവാരിയുടെ രാമായണം, സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്നിവയും രൺബീർ കപൂറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.