Your Image Description Your Image Description

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുക ബോംബുമായി എംപിമാര്‍. മൂന്ന് എംപിമാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ പുക ബോംബ് വര്‍ഷിച്ച് പ്രതിഷേധം നടന്നത്. ബാള്‍ക്കന്‍ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നിയമത്തിന് അനുകൂലമായുള്ള വോട്ടിംഗിന് ഇടയില്‍ മറ്റ് തീരുമാനങ്ങളും പാസാക്കാനുള്ള ശ്രമം ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

പ്രധാനമന്ത്രി മിലോസ് വുസെവികും സര്‍ക്കാരും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ തലങ്ങും വിലങ്ങും പുക ബോംബ് വര്‍ഷത്തില്‍ കലാശിച്ചത്. പാര്‍ലമെന്റ് സെഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. നൂറ് കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടയിലാണ് പാര്‍ലമെന്റിന് അകത്തും പ്രതിഷേധം നടന്നത്. മുട്ടകളും വെള്ളക്കുപ്പികളും പുക ബോംബുകളും പാര്‍ലമെന്റില്‍ വര്‍ഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്നിലേറെ എംപിമാര്‍ക്ക് പരിക്കേറ്റതായാണ് അധികൃതര്‍ അറിയിച്ചു. പ്രതിപക്ഷം ഭീകരവാദ സംഘടനകളേപ്പോലെ പെരുമാറിയെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ അന ബ്രണാബിക് പ്രതികരിക്കുന്നത്. സെര്‍ബിയയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നാണ് പ്രതിരോധ മന്ത്രി വിശദമാക്കിയത്. അക്രമ സംഭവങ്ങള്‍ പ്രതിപക്ഷത്തിന്റെ സ്വഭാവം ജനത്തിന് മുന്‍പില്‍ പ്രകടമാക്കിയെന്നാണ് പ്രതിരോധ മന്ത്രി വിശദമാക്കിയത്. ഒരു മാസത്തിലേറെയായി നടക്കുന്ന അഴിമതി വിരുദ്ധ പ്രതിഷേധങ്ങള്‍ നിലവിലെ സര്‍ക്കാരിനെ വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *