Your Image Description Your Image Description

എത്ര പുതുമുഖ നടിമാര്‍ വന്നാലും നയൻ താരയോട് ആരാധകർക്കുള്ള സ്നേഹം ഒന്ന് വേറെതന്നെയാണ്. മലയാളത്തില്‍ തന്റെ കരിയര്‍ തുടങ്ങിയ നയന്‍താര വളരെ പെട്ടെന്നാണ് തെന്നിന്ത്യയാകെ നിറഞ്ഞ് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തിരക്കേറിയ അഭിനേത്രിയായി മാറിയത്. തീയേറ്ററുകളിൽ നയൻതാര എന്ന് കേൾക്കുമ്പോഴേ ആരാധകരെ ഇളക്കി മറിക്കാനുള്ള താരത്തിന്റെ കഴിവാണ് ‘ലേഡീ സൂപ്പര്‍സ്റ്റാര്‍’ എന്ന പേര് കിട്ടാൻ കാരണം. എന്നാല്‍ ആ വിളി ഒഴിവാക്കണമെന്ന് ആരാധകരോട് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ് താരം.

തന്നെ ലേഡീ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കേണ്ടെന്നും നയന്‍താര എന്ന് വിളിക്കുന്നതാണ് സന്തോഷമെന്നുമാണ് മാധ്യമങ്ങള്‍ക്കെഴുതിയ കത്തില്‍ നയന്‍താര വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് ഇത്ര വിലയേറിയ ഒരു വിശേഷണം തന്നതിലും തന്നെ സ്‌നേഹിച്ചതിലും വളര്‍ത്തിയതിലും എല്ലാവരോടും നന്ദിയുണ്ടെങ്കിലും ലേഡീ സൂപ്പര്‍ സ്റ്റാറെന്ന വിളി ഇനി വേണ്ടെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നതായി നയന്‍താര പറഞ്ഞു. നയന്‍താര എന്ന് വിളിക്കുന്നതാണ് സന്തോഷമെന്നും ആ വിളിയാണ് ഹൃദയത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതായി തോന്നുന്നതെന്നും നയന്‍താര പറഞ്ഞു.

ഇത്തരം വിശേഷണങ്ങളൊക്കെ ഏറെ മതിപ്പുള്ളതാണെങ്കിലും ഇവ താരങ്ങളെ അവരെ സ്‌നേഹിക്കുന്ന ആരാധകരില്‍ നിന്നും അവരുടെ തൊഴിലില്‍ നിന്നും അവരുടെ കലയില്‍ നിന്നും അവരെ അകറ്റുന്നതായി തനിക്ക് തോന്നുന്നുവെന്ന് നയന്‍താര വ്യക്തമാക്കി. പരിധികളേതുമില്ലാതെ സ്‌നേഹത്തിന്റെ ഭാഷ കൊണ്ട് നമ്മുക്ക് പരസ്പരം ബന്ധപ്പെടാമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *