Your Image Description Your Image Description

ചെന്നൈ: നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സിനിമ നിര്‍മിക്കാനായി കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നടന്റെ വസതി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ‘ജഗജാല കില്ലാഡി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി ശിവാജി ഗണേശന്റെ മകന്‍ രാം കുമാര്‍ ഗണേശന്റെ മകന്‍ ദുഷ്യന്ത് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് കോടതി നടപടി.

വിഷ്ണു വിശാലും നിവേദ പെതുരാജും അഭിനയിച്ച ചിത്രമാണ് ‘ജഗജാല കില്ലാഡി’. ദുഷ്യന്തിന്റേയും ഭാര്യ അഭിരാമിയുടേയും ഉടമസ്ഥതയിലുളള ഈസന്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി 3.74 കോടി രൂപ ധനഭാഗ്യം എന്റര്‍പ്രൈസസില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല എന്നായിരുന്നു പരാതി.

വിരമിച്ച ജഡ്ജി രവീന്ദ്രനെ കേസില്‍ കോടതി മധ്യസ്ഥനായി നിയമിച്ചിരുന്നു. 2024 ല്‍ സിനിമയുടെ മുഴുവന്‍ അവകാശങ്ങളും ധനഭാഗ്യം എന്റര്‍പ്രൈസസിനായിരിക്കുമെന്ന് പറഞ്ഞ് കോടതി ഉത്തരവിട്ടു. എന്നാല്‍ സിനിമയുടെ ഉടമസ്ഥാവകാശം നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടി ലേലത്തില്‍ വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനഭാഗ്യം എന്റര്‍പ്രൈസസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *