Your Image Description Your Image Description

ഡല്‍ഹി: തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍. ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളില്‍ നിന്നുള്ള ലീഗ് – കോണ്‍ഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. കാസര്‍കോട് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ ഉസ്മാന്‍ ജി ഖാന്‍, അബ്ദുള്‍ നസീഹ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2011 സെന്‍സസ് പ്രകാരം 2015ല്‍ വിഭജനം പൂര്‍ത്തിയാക്കിയതാണെന്ന കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്നും പഴയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വിഭജനം നടത്തുന്നത് ഭരണഘടന അനുഛേദം 243 സിയുടെ ലംഘനമാണെന്നും അപ്പീലില്‍ പറയുന്നു.

നേരത്തെ വിവിധ പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാര്‍ഡ് വിഭജനം ശരിവെച്ചത്. അവസാനത്തെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ എത്ര തവണ വേണമെങ്കിലും സര്‍ക്കാരിന് വാര്‍ഡ് വിഭജനം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ 2015ല്‍ വിഭജിച്ച വാര്‍ഡുകളില്‍ വീണ്ടും വാര്‍ഡ് വിഭജനവുമായി സര്‍ക്കാറിന് മുന്നോട്ട് പോകാനാകുന്ന സാഹചര്യമാണ്. ഇത് ചോദ്യം ചെയ്താണ് ലീഗും കോണ്‍ഗ്രസും സുപ്രീം കോടതിയില്‍ എത്തിയത്. അതേസമയം ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *