Your Image Description Your Image Description

തൃശൂർ: ലഹരി ഉപയോ​ഗിച്ച് തുടങ്ങിയ തന്റെ ജീവിത കഥ തുറന്നു പറഞ്ഞ് തൃശൂർക്കാരൻ ഷഹബാസ്. വീടിൻ്റെ അടുത്തുള്ള ചേട്ടൻമാർ കഞ്ചാവ് ഇടക്കൊക്കെ വലിക്കാൻ തന്നിരുന്നുവെന്നും അങ്ങനെയാണ് താൻ ലഹരിയുടെ അടിമയായതെന്നും ഷഹബാസ് പറഞ്ഞു. എന്നാൽ പിന്നീട് അങ്ങോട്ട് ചെന്ന് താൻ ലഹരി ചോദിക്കാൻ തുടങ്ങിയെന്നും ലഹരിയ്ക്ക് അടിമയായി മാറിയെന്നും യുവാവ് പറഞ്ഞു. പണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അമ്മയറിയാതെ വീട്ടിൽ നിന്ന് കാശെടുത്ത് ലഹരി ഉപയോ​ഗിക്കാറുണ്ട്. ലഹരി കിട്ടിയില്ലെങ്കിൽ മാനസികാവസ്ഥ തകരുന്ന പോലെ തോന്നാറുണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.

‘ചില സമയത്ത് കാശുണ്ടാവില്ല. അപ്പോൾ വീട്ടിൽ നിന്നോ ആരുടേയും അടുത്ത് നിന്നോ കാശ് കടം എടുക്കും. അല്ലെങ്കിൽ ക്രൈം ചെയ്യും. നേരത്തെ ഒരുകേസുണ്ടായിരുന്നു. സിന്തറ്റിക് ലഹരിയാണ് ജീവിതം തകർത്തത്. ആദ്യമൊക്കെ ഉപയോ​ഗിക്കുമ്പോൾ വലിയ ആനന്ദം ആയിരുന്നു. അവിടെ നിന്ന് എൻ്റെ ഫാമിലി നഷ്ടപ്പെട്ടു. നല്ല ബന്ധങ്ങളും സൗഹൃദങ്ങളും നഷ്ടപ്പെട്ടു. ലഹരി ഉപയോ​ഗിച്ചതിന് ശേഷം പല കാര്യങ്ങളാണ് നമുക്ക് തോന്നുക. പിറ്റേന്ന് അതേ സമയം മറ്റു പലതാണ് തോന്നുക. നമുക്ക് ചുറ്റിലുമുള്ളവരെ വിശ്വാസം ഉണ്ടാവില്ല. അമ്മയെ പോലും സംശയമായിരിക്കും’. എല്ലാവരും നമ്മളെ ചതിക്കാനും കൊല്ലാനും വരികയാണെന്നും തോന്നാറുള്ളതായി ഷഹബാസ് പറയുന്നു.

​ഗ്രാമങ്ങളിൽ വരെ കൊക്കെയ്ൻ കിട്ടുന്നുണ്ടെന്നും ഷഹബാസ് പറഞ്ഞു. പത്താം ക്ലാസിലൊക്കെ പഠിക്കുന്ന പിള്ളേരാണ് സാധനം സെയിൽ ചെയ്യുന്നത്. നിരവധി സ്കൂൾ കുട്ടികളെ ലഹരിയുമായി ഞാൻ കണ്ടിട്ടുണ്ട്. മടക്കിയ നോട്ടുകളോ ഉപയോ​ഗിക്കാത്ത ഡെബിറ്റ് കാർഡുകളോ കുട്ടികളുടെ മുറിയിൽ കാണുകയാണെങ്കിൽ ശ്രദ്ധിക്കണം. സിന്തറ്റിക് ലഹരിയാണ് അപകടകാരി. ആറു മാസത്തോളം ബെം​​ഗളൂരുവിൽ നിന്നതോടെ എൻ്റെ അവസ്ഥ മോശമായി. ശരീരം നശിച്ചു. ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു. രണ്ടാമത്തെ സ്റ്റേജിലാണ് താനുള്ളത്. ഇപ്പോഴും ലഹരി കിട്ടിയാൽ ഉപയോ​ഗിക്കുമെന്നും യുവാവ് പറയുന്നു. ഈ അവസ്ഥ ഒരാൾക്കും ഉണ്ടാവരുതെന്നും ഷഹബാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *