Your Image Description Your Image Description

തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ച അഞ്ചം​ഗ സംഘം പിടിയിൽ. തൃശൂർ പുതുക്കാടാണ് സംഭവം. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.

മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിക്ക് പാലിയേക്കരയിൽ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ആക്രമിച്ചിരുന്നു. ഇവർ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. ഷോപ്പിൽ തിരക്കു നിയന്ത്രിക്കുവാൻ ഏർപ്പെടുത്തിയിരുന്ന ടോക്കൺ എടുക്കനാവശ്യപ്പെട്ട ജീവനക്കാരനായ അബ്‌ദുലിനെ പ്രകോപിതരായ യുവാക്കൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിലിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് വണ്ടിയിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയതാണെന്നു മനസ്സിലായത്. ചില സാമ്പത്തിക ഇടപാടുകളുടെ പേരിലായിരുന്നു ആക്രമണം എന്നാണ് മൊഴി.

അഖിൽ എന്നയാളുമായി ചേർന്ന് ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം തീർക്കാൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് അഖിൽ എത്തിയില്ല. ഈ വൈരാഗ്യത്തിനാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി കടത്തികൊണ്ടുപോവുകയായിരുന്നു.

മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതി വെളിപ്പെടുത്തിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവൻറെ വളയും പ്രതികൾ കവർന്നു.

Leave a Reply

Your email address will not be published. Required fields are marked *