Your Image Description Your Image Description

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ആവർത്തിച്ച് സിപിഎം. കേന്ദ്രസർക്കാരിന്റെ സ്വഭാവം സംബന്ധിച്ച് പാർട്ടി വിലയിരുത്തൽ വിവാദമാകവെയാണ് രഹസ്യ രേഖയിലെ നിലപാട് പരസ്യമായി പറഞ്ഞ് സിപിഎം രം​ഗത്തെത്തിയത്. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലാണ് കേന്ദ്ര സർക്കാരിന്റെ സ്വഭാവം സംബന്ധിച്ച പാർട്ടി വിലയിരുത്തൽ വിശ​​ദീകരിക്കുന്നത്.

മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നോ നവ ഫാസിസ്റ്റ് സർക്കാരെന്നോ പാർട്ടി വിളിക്കുന്നില്ലെന്നാണ് പീപ്പിൾസ് ഡെമോക്രസിയിൽ നൽകിയ വിശദീകരണക്കുറിപ്പിൽ സിപിഎം വ്യക്തമാക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമായി പാർട്ടി ചിത്രീകരിക്കുന്നില്ലെന്നാണ് വിശദീകരണം. ബി.ജെ.പി-ആർ.എസ്.എസ്. നേതൃത്വത്തിനു കീഴിലെ നിലവിലെ രാഷ്ട്രീയസംവിധാനം നവഫാസിസ്റ്റ് സ്വഭാവങ്ങൾ പ്രകടമാക്കുന്ന ഹിന്ദുത്വ- കോർപ്പറേറ്റ് സ്വേച്ഛാധിപത്യ സർക്കാരാണെന്നും സിപിഎം വിശദീകരിക്കുന്നു.

പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിലൂടെ രാഷ്ട്രീയാധികാരത്തെ ബി.ജെ.പി.- ആർ.എസ്.എസ്. ശക്തികളുടെ കൈകളിലേക്കെത്തിച്ചു. ഇത് നവഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രത്യക്ഷപ്രകടനത്തിലേക്ക് രാജ്യത്തെയെത്തിച്ചു. സ്വഭാവം എന്നതുകൊണ്ട് പ്രവണതകൾ അല്ലെങ്കിൽ സവിശേഷതകൾ എന്നാണ് അർഥമാക്കുന്നത്. എന്നാൽ, ഇവ നവഫാസിസ്റ്റ് സർക്കാരോ അല്ലെങ്കിൽ അങ്ങനെയൊരു രാഷ്ട്രീയസംവിധാനമോ ആയി വികസിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നവഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യശക്തികളുടെ അപകടത്തെക്കുറിച്ചാണ് പാർട്ടിയുടെ രാഷ്ട്രീയപ്രമേയം സംസാരിക്കുന്നത്. അതിനാൽ ബി.ജെ.പി.- ആർ.എസ്.എസ്. ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

ഇത് സി.പി.ഐയുടെയും സി.പി.ഐ.എം.എലിന്റെയും നിലപാടിൽനിന്ന് ഭിന്നമാണെന്ന് സി.പി.എം വ്യക്തമാക്കി. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്നാണ് സി.പി.ഐയുടെ നിലപാട്. 2018ൽ ഹൈദരാബാദിൽ ചേർന്ന 22-ാം പാർട്ടി കോൺഗ്രസിൽ ചൂണ്ടിക്കാട്ടിയത് ഫാസിസ്റ്റ് പ്രവണത പ്രദർശിപ്പിക്കുന്ന സ്വേച്ഛാധിപത്യ, ഹിന്ദുത്വ, വർഗീയ ആക്രമണങ്ങളെയാണ്. കഴിഞ്ഞ 23-ാം പാർട്ടി കോൺഗ്രസ് വിലയിരുത്തിയതാകട്ടെ, ആർ.എസ്.എസിന്റെ ഫാസിസ്റ്റ് അജൻഡയുമായി മുന്നോട്ടുപോകുന്നവരാണ് മോദി സർക്കാർ എന്നും. ഇന്ത്യയിൽ നവഫാസിസം രൂപപ്പെടുത്തിയത് ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമാണെന്നും അത് ഫാസിസ്റ്റിക് ആണെന്നും പാർട്ടിപരിപാടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം. ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റികൾക്ക് സി.പി.എം.കേന്ദ്രകമ്മിറ്റി അയച്ച രഹസ്യരേഖ വിവാദമായിരുന്നു. മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്നായിരുന്നു ര​ഹസ്യ രേഖയിൽ വ്യക്തമാക്കിയിരുന്നത്. കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തിയാണ് പുതിയ സർക്കുലർ. ഇത്തരമൊരു രഹസ്യ സർക്കുലറും സിപിഎമ്മിനെ സംബന്ധിച്ച് അസാധാരണ സംഭവമാണ്.

ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കരടുരാഷ്ട്രീയപ്രമേയം സിപിഎം ഇതിനരം തന്നെ പരസ്യമാക്കിക്കഴിഞ്ഞു. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായാണ് പാർട്ടി കോൺ​ഗ്രസിന് മുന്നേ തന്നെ കരടു പ്രമേയം പുറത്തുവിടുന്നത്. പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു കുറിപ്പ് പതിവില്ല. എന്നാൽ, ഇക്കുറി പതിവ് തെറ്റിച്ച് കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്താനാണ് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് ര​ഹസ്യ സർക്കുലർ അയച്ചത്. അതാകട്ടെ, ഇതുവരെയും മോദി സർക്കാരിനെ വിമർശിക്കാൻ ഉയർത്തിയിരുന്ന പ്രധാന ആരോപണം അസാധുവാക്കാനുമാണ്.

മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നാണ് സിപിഎം നിർവചിക്കുന്നത്. പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും പാർട്ടി വിശേഷിപ്പിക്കുന്നു. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ വിശദീകരണം.

ആർ.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാർട്ടി പരിപാടിയിൽ സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും പ്രഖ്യാപിച്ചത്. എന്നാൽ, മുൻ നിലപാടുകളെയും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടുകളെയും പൂർണമായും തള്ളുകയാണ് ഇപ്പോൾ സിപിഎം.

ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല എന്നാണ് സിപിഎം ലൈൻ. പത്തുവർഷത്തെ തുടർച്ചയായുള്ള മോദി ഭരണത്തിൽ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആർ.എസ്.എസ്. കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു. ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. ‘നവഫാസിസ്റ്റ് സ്വഭാവം’ എന്നതിനർഥം അതൊരു നവഫാസിസ്റ്റ് സർക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ല എന്നും സിപിഎം വ്യക്തമാക്കുന്നു.

അതേസമയം, കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാൻ കമ്മ്യൂണിസ്റ്റ് ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയമാകാം സിപിഐ – സിപിഎം ലയനത്തെ ചിലർ എതിർക്കാൻ കാരണമെന്നും അദ്ദഹം പറഞ്ഞു.

“കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ല. ഫാസിസത്തിലേക്ക് പോയി എന്ന അഭിപ്രായമാണ് സിപിഐക്കും. ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയണം. അതിന് കമ്യൂണ്ണിസ്റ്റ് ഐക്യം വേണം. ലയനത്തിനു വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്. കമ്യുണിസ്റ്റ് പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ആശയങ്ങളിൽ വ്യത്യാസമില്ല. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയത്തിലാവാം ലയനം വേണ്ടെന്ന് ചിലർ പറയുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം വളരെ പ്രധാനമാണ്. കോൺഗ്രസിനെകുറിച്ച് സിപിഐ ക്കും സിപിഎമ്മിനും അഭിപ്രായ വ്യത്യാസമില്ല” – അദ്ദേ​ഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *