Your Image Description Your Image Description

പച്ചക്കറികൃഷിയില്‍ നൂറുമേനി വിളയിച്ച് തണ്ണീര്‍മുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വനിതാകൂട്ടായ്മ. രണ്ടാം വാർഡ് എസ്ബിപുരത്തെ വാത്യാട്ടുകളരി പ്രദേശത്ത് അഞ്ചേക്കർ സ്ഥലത്ത് 25 വനിതകൾ ചേർന്ന് ആരംഭിച്ച പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പുത്സവമാണിപ്പോള്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷനും സംയോജിപ്പിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍ മാതൃകാപരമായ കാർഷിക മുന്നേറ്റം സാധ്യമാക്കിയത്. അച്ചിങ്ങ, പാവയ്ക്ക, തക്കാളി, വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. തുള്ളിനന രീതിയുള്‍പ്പെടെ അത്യാധുനിക രീതികൾ അവലംബിച്ചാണ് കൃഷി. ആവശ്യമായ വിത്ത്, വളം, സാങ്കേതിക സഹായങ്ങൾ എന്നിവയെല്ലാം നൽകി തണ്ണീർമുക്കം കൃഷിഭവനും വനിതകള്‍ക്കൊപ്പമുണ്ട്.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നേരിട്ടെത്തിയാണ് കഴിഞ്ഞ നവംബറിൽ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചത്. വനിതാ കൂട്ടായ്മയുടെ കാർഷിക പ്രവർത്തനങ്ങളെ പ്രശംസിച്ച മന്ത്രി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്താണ് മടങ്ങിയത്. അന്ന് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പാണ് ഒരു മാസക്കാലമായി നടന്നുവരുന്നത്.
ദിവസം ശരാശരി 40 കിലോ വീതം അച്ചിങ്ങയും വെണ്ടയ്ക്കയും വിളവെടുക്കുന്നുണ്ട്. കൂടാതെ 30 കിലോയോളം പാവയ്ക്കയും 12 കിലോയോളം പച്ചമുളകും ദിനവും ലഭിക്കുന്നു. പൂർണ്ണമായും ജൈവ കൃഷിയായതുകൊണ്ടുതന്നെ ആവശ്യക്കാർ കൃഷിയിടത്തിലേക്ക് നേരിട്ടെത്തിയാണ് പച്ചക്കറികൾ വാങ്ങുന്നത്. 8000നും 10000നും ഇടയിൽ ദിവസ വരുമാനം ലഭിക്കുന്നുണ്ടെന്ന് വനിതാ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുറപ്പ് കൂലിക്ക് പുറമേ ഇവർക്കിത് അധിക വരുമാനത്തിനുള്ള വഴികൂടിയാണ്. മികച്ച നേട്ടം കിട്ടിയതോടെ കൃഷി കൂടുതൽ വിപുലമാക്കുന്നതിന് തൊട്ടടുത്ത ഒന്നര ഏക്കർ പാടശേഖരത്തിലും വനിതാ കൂട്ടായ്മ കൃഷിയിറക്കിയിട്ടുണ്ട്. ചീര, വഴുതന, പടവലം, പാവൽ, വെള്ളരിക്ക തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
കൃഷി പൂർണ്ണ വിജയമായതോടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വനിതകളുടെ ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീവഴി രണ്ട് ലക്ഷം രൂപ മുതൽ മുടക്കിൽ വിപണന കേന്ദ്രം ഉടൻ സ്ഥാപിക്കുമെന്നും പദ്ധതിക്ക് നേതൃത്വം നൽകുന്ന രണ്ടാം വാർഡ് അംഗം കൂടിയായ പ്രവീൺ ജി പണിക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *