Your Image Description Your Image Description

ആലപ്പുഴ നഗരസഭ ചാത്തനാട് കോളനിയില്‍  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മുഴുവന്‍  ഫ്ലാറ്റുകളും നഗരസഭ പരിധിയിലെ അതിദരിദ്രരായ ഭവനരഹിതര്‍ക്കായി  നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. 24 ഗുണഭോക്താക്കളാണ് ഉള്ളത്. നിലവില്‍ നഗരസഭ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട്ടു വാടക ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ പണം വകയിരുത്തി വാടക നല്‍കി വരികയാണ്. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണവും, അത്താഴവും എത്തിച്ചു നല്‍കുന്നതോടൊപ്പം, പാചകം ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കിവരുന്നു. നവംബര്‍ മാസം അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോള്‍ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീട് ആണ് നഗരസഭ ലക്ഷ്യമിടുന്നത്.

മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനം മാര്‍ച്ച് 20 നു മുന്‍പ് നടത്തുവാന്‍ തീരുമാനിച്ചു. മാലിന്യ മുക്ത കേരളം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 30 സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് ആണ്. അതിനു മുന്നോടിയായി നഗരസഭയിലെ എല്ലാ വാര്‍ഡുകളും മാലിന്യ മുക്ത വാര്‍ഡുകളായി പ്രഖ്യാപിക്കും. പൊതുജന പങ്കാളിത്തത്തോടെയുള്ള വിപുലമായ ക്യാമ്പയിന്‍ നടത്താന്‍ നഗരസഭ തീരുമാനിച്ചു. നഗരത്തിലെ ടൗണുകള്‍, കലാലയങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഹരിത ചട്ടം പാലിച്ച് പ്രവര്‍ത്തന സജ്ജമാക്കും.

നഗരസഭാധ്യക്ഷ കെകെ ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ എംആര്‍ പ്രേം, എഎസ് കവിത,  ആര്‍ വിനിത,  കക്ഷിനേതാക്കളായ അഡ്വ റീഗോരാജു, ഡിപി മധു, ഹരികൃഷ്ണന്‍, പി രതീഷ്, കൗണ്‍സിലര്‍മാരായ  ബി അജേഷ്, ആര്‍ രമേഷ്, മനു ഉപേന്ദ്രന്‍, ബി നസീര്‍,  സെക്രട്ടറി ഷിബു നാല്‍പ്പാട്ട്, ഡെപ്യൂട്ടി സെക്രട്ടറി എ സുരേഷ് എന്നിവര്‍ സംസാരിച്ചു.
(പിആർ/എഎൽപി/603)

Leave a Reply

Your email address will not be published. Required fields are marked *