Your Image Description Your Image Description

അമേരിക്ക- ചൈന വാണിജ്യ യുദ്ധം മുൻ നിർത്തി ടയർ വ്യവസായ മേഖല ഷീറ്റ്‌ സംഭരണത്തിൽ പുലർത്തുന്ന മനോഭാവം സ്ഥിതിഗതികൾ താറുമാറാക്കുമോയെന്ന ആശങ്കയിലാണ് ആഗോള റബർ സ്‌റ്റോക്കിസ്‌റ്റുകൾ. ഏതാനും മാസങ്ങൾ നീണ്ടുനിന്ന റബർ ടാപ്പിങ്‌ സീസൺ ഏഷ്യൻ ഉൽപാദന രാജ്യങ്ങളിൽ അവസാനിക്കുകയാണ്‌. മാർച്ച്‌ മുതലുള്ള പ്രതികൂല കാലാവസ്ഥ മുൻനിർത്തി റബർ വെട്ട്‌ നിർത്തിവെക്കാനുള്ള തയാറെടുപ്പിലാണ്‌ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

രാജ്യാന്തര റബർ അവധിയിൽ വാങ്ങൽ താൽപര്യം ശക്തമല്ല. വ്യവസായിക മാന്ദ്യം മുൻനിർത്തി വ്യവസായികളും ഊഹക്കച്ചവടക്കാരും വൻ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്‌ വിലയിൽ നേരിയ ചാഞ്ചാട്ടത്തിന്‌ ഇടയാക്കി. വേനൽ കനത്തതോടെ കേരളത്തിലെ വൻകിട തോട്ടങ്ങൾ പലതും സ്‌തംഭിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ ഓഫ്‌ സീസൺ മുന്നിൽക്കണ്ട്‌ അഞ്ചാം ഗ്രേഡ്‌ റബർ പരമാവധി വാങ്ങാൻ ഉത്സാഹിച്ചു. ടയർ നിർമാതാക്കൾ വിപണി വില ഉയർത്താതെ ചരക്ക്‌ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും കാർഷിക മേഖലയിൽനിന്നുള്ള വരവ്‌ കുറഞ്ഞതോടെ വാരാവസാനം നിരക്ക്‌ 190ൽ നിന്നും 191 രൂപയായി. ചില കർഷിക സംഘടനകൾ 200 രൂപയിൽ കൂടിയ വിലക്ക്‌ മാത്രമേ വിൽപന നടത്തൂ എന്ന നിലപാടിലാണ്‌.

നാളികേരോൽപന്നങ്ങളുടെ ലഭ്യത ഉയർന്നെങ്കിലും വിപണിയുടെ പ്രതീക്ഷക്കൊത്ത്‌ ഇനിയും ചരക്കുവരവ്‌ ശക്തിയാർജിച്ചിട്ടില്ല. സംസ്ഥാനത്ത്‌ വിളവെടുപ്പ് ആരംഭിച്ച് മാസം ഒന്ന്‌ പിന്നിടുമ്പോഴും മില്ലുകാർ കൊപ്ര ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്‌. ഇതിനിടയിൽ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും കൊപ്ര വിലയിൽ മാറ്റം വരുത്താൻ തയാറായില്ല.ഹൈറേഞ്ചിൽ ഏലം ഓഫ്‌ സീസണിലേക്ക്‌ പ്രവേശിക്കുന്ന അവസരത്തിലും ലേലത്തിൽ കനത്തതോതിൽ ചരക്ക്‌ വിൽപനക്കെത്തി. ശരാശരി ഇനങ്ങൾക്ക്‌ കിലോ 3000 രൂപയുടെ താങ്ങ്‌ നഷ്‌ടപ്പെട്ട് 2900 റേഞ്ചിലാണ്‌. വലുപ്പം കൂടിയ ഇനങ്ങൾ 3200 രൂപയിലും ഇടപാടുകൾ നടന്നു. പ്രതികൂല കാലാവസ്ഥ കാരണം വിയറ്റ്‌നാമിൽ കുരുമുളക്‌ ഉൽപാദനം നടപ്പുവർഷം കുറഞ്ഞു.

ഇന്ത്യ അടക്കമുള്ള ഇതര ഉൽപാദന രാജ്യങ്ങളിലും വിളവ്‌ കുറയുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിയറ്റ്‌നാം രണ്ടര ലക്ഷം ടൺ കുരുമുളക്‌ കയറ്റുമതി ചെയ്തു. ഉയർന്ന വിലയിൽ ആകൃഷ്‌ടരായി കർഷകർ കരുതൽ ശേഖരത്തിലെ മുളകും വിറ്റുമാറിയതിനാൽ സ്‌റ്റോക്കില്ലാത്ത അവസ്ഥയാണ്‌. തൽക്കാലം ഇറക്കുമതി ഭീഷണി മുഴക്കി നമ്മുടെ കർഷകരിൽ നിന്നും കുറഞ്ഞ വിലക്ക്‌ ചരക്ക്‌ കൈക്കലാക്കാൻ വ്യവസായികൾക്കാവില്ല. സംസ്ഥാനത്തെ ഉൽപാദകർ വിളവെടുപ്പിന്റെ തിരക്കിലാണ്‌. ഉത്തരേന്ത്യൻ വാങ്ങലുകാർ മുളകുവില ക്വിൻറലിന്‌ 700 രൂപ ഇടിച്ച്‌ 65,200ൽ ശേഖരിച്ചു. കേരളത്തിൽ സ്വർണ വില പവന്‌ 64,120 രൂപയിൽ നിന്ന് സർവകാല റെക്കോഡ്‌ വിലയായ 64,560 രൂപ വരെ ഉയർന്നശേഷം 64,360 ലേക്ക്‌ താഴ്‌ന്നു. ഒരു ഗ്രാം സ്വർണ വില 8045 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2954 ഡോളർ വരെ ഉയർന്ന്‌ റെക്കോഡ്‌ സ്ഥാപിച്ച ശേഷം 2934ലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *