Your Image Description Your Image Description

ന്യൂഡൽഹി: ലഫ്റ്റനൻ്റ് ഗവർണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിൻ്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചായിരുന്നു സഭയിലെ എഎപി യുടെ പ്രതിഷേധം. മദ്യനയ അഴിമതി കാരണം രണ്ടായിരം കോടി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെച്ചു.

ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം വെച്ചു. ഇതേ തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്ര ഗുപ്ത പുറത്താക്കി. എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ 21 എംഎൽഎമാരെ 3 ദിവസത്തേക്ക് പുറത്താക്കി ഉത്തരവിറങ്ങി. എഎപി എംഎൽഎമാരെ പുറത്താക്കിയത് അംബേദ്കറുടെ പേര് പോലും സഭയിൽ ഉന്നയിക്കാതിരിക്കാൻ വേണ്ടിയാണെന്ന് അതിഷി ആരോപിച്ചു. ബിജെപിക്ക് അംബേദ്കറിനോട് വിരോധമുണ്ട്. ഇതുകൊണ്ടാണ് അംബേദ്കറുടെ പേര് പറയുന്നവരെയും ചിത്രം കാണിക്കുന്നവരെയും സഭയിൽ നിന്ന് മൂന്ന് ദിവസത്തേക്ക് പുറത്താക്കിയതെന്നും അവർ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിൻറെ കാലത്ത് മറച്ചു വച്ച മദ്യനയം വഴി രണ്ടായിരം കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായി എന്ന് പറയുന്ന 14 സിഎജി റിപ്പോർട്ടുകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. എന്നാൽ പഴയ മദ്യ നയം സുതാര്യമല്ലാത്തത് കൊണ്ടാണ് പുതിയ മദ്യനയം കൊണ്ടു വന്നതെന്ന് സിഎജി റിപ്പോർട്ട് സമ്മതിക്കുന്നുവെന്നും അതിഷി പറഞ്ഞു. അംബേദ്ക്കറുടെയും ഭഗത് സിംഗിൻറെയും ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ മുറിയിൽ ഉണ്ടെന്നും അഴിമതിയിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് എഎപിയുടെ നാടകമെന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *