Your Image Description Your Image Description

സൗരോര്‍ജ്ജ ഉല്‍പാദനം ശക്തിപ്പെടുത്തുന്നതിനായി 8500 കോടി രൂപയുടെ മൂലധന സബ്സിഡി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അന്തിമരൂപം നല്‍കി. നിലവില്‍ സൗരോര്‍ജ്ജ ഉപകരണങ്ങളുടെ ഇറക്കുമതിക്കായി ചൈനയെ വളരെയധികം ആശ്രയിക്കുന്നുണ്ട് ഇന്ത്യ. ഇത് രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് തന്നെ അപകടമാണ് എന്നതിനാലാണ് പദ്ധതിക്ക് കേന്ദ്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സൗരോര്‍ജ ഉല്‍പാദന ഉപകരണങ്ങളുടെ നിര്‍മാണം ശക്തിപ്പെടുത്തുകയും സൗരോര്‍ജ വ്യവസായ മേഖലയുടെ പുരോഗതി ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി.

മൊഡ്യൂളുകളും, ബാറ്ററിയും ഇന്ത്യയില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും വേഫറുകളുടെയും ഇന്‍ഗോട്ടുകളുടെയും നിര്‍മ്മാണം ഇപ്പോഴും വെറും 2 ജിഗാവാട്ട് ശേഷിയില്‍ തന്നെയാണ്. ഇന്‍ഗോട്ട് എന്നത് വേഫറുകളായി മുറിച്ചെടുക്കുന്ന ശുദ്ധമായ സിലിക്കണ്‍ ക്രിസ്റ്റലാണ്. മൈക്രോചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അര്‍ദ്ധചാലക വസ്തുക്കളുടെ നേര്‍ത്ത കഷ്ണങ്ങളാണ് വേഫറുകള്‍.

സോളാര്‍ മേഖലയില്‍ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയും ഗുണനിലവാര നിയന്ത്രണങ്ങളും കാരണം വേഫറുകളും ഇന്‍ഗോട്ടുകളും നിര്‍മ്മിക്കുന്നതിന് ഉയര്‍ന്ന ചെലവുണ്ട്. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന സബ്സിഡി ഇത് ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. വേഫര്‍, ഇന്‍ഗോട്ട് എന്നിവയുടെ നിര്‍മാണ ശേഷി വികസിപ്പിക്കുകയാണെങ്കില്‍പ്പോലും, അവ നിര്‍മ്മിക്കുന്ന അസംസ്കൃത വസ്തുവായ പോളിസിലിക്കണിന് വിദേശ വിതരണക്കാരെ ആശ്രയിക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ വ്യവസായ രംഗത്ത് ഇന്ത്യ കൈവരിച്ച വിജയം ആവര്‍ത്തിക്കാന്‍ സര്‍ക്കാരിന്‍റെ സബ്സിഡി പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *