Your Image Description Your Image Description

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) തന്റെ കാമുകിയെ കൊലപ്പെടുത്തിയത് മൃ​ഗീയമായി. ഫർസാനയുടെ മുഖം വികൃതമായ നിലയിലായിരുന്നു. യുവതിയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. സ്വന്തം വീട്ടിലെത്തിച്ചായിരുന്നു യുവതിയെ അഫാൻ കൊലപ്പെടുത്തിയത്. സ്കൂൾ പഠനകാലം മുതൽക്കേ അഫാനും ഫർസാനയും സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും പ്രണയം അതീവ ര​ഹസ്യമായിരുന്നു.

വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനിയാണ് ഫർസാന. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്. എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. ഫർസാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാൽ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു. അധികമാർക്കും ഈ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാൽ ഈ ബന്ധം അറിഞ്ഞ ലത്തീഫ്,​ അഫാന്റെ വീട്ടിലറിയിച്ചു. ഇതിന്റെ വെെരാഗ്യത്തിലാകാം ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ലത്തീഫിനെയും മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വെെകിട്ട് നാല് മണിക്ക് ഫർസാനയും പ്രതിയും ഒരുമിച്ച് ബെെക്കിൽ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.

പിതൃമാതാവായ സൽമ ബീവിയെ ചുമരിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്‌ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തന്റെ പ്രണയത്തെ എതിർത്തതിനാലാണ് ബന്ധുക്കളെ കൊലപ്പെടുത്തിയത് എന്നാണ് അഫാൻ കൊടും ക്രൂരത ചെയ്തത് എന്നാണ് പറയപ്പെടുന്നത്. കാമുകി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയുടെ വീട്ടിൽ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അഫാന്റെ കൂടെപോയി എന്നാണ് വീട്ടുകാർ പറയുന്നത്. യുവാവിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

പിതാവിന്റെ മാതാവ് സൽമാ ബീവി ഉൾപ്പെടെയുള്ളവർ യുവാവിന്റെ പ്രണയബന്ധത്തെ എതിർത്തുവെന്നാണ് നാട്ടുകാർ സൂചിപ്പിക്കുന്നത്. പ്രതി ആദ്യം കൊലപ്പെടുത്തിയതും സൽമാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു. തന്നെ വിശ്വസിച്ച് വന്ന ഫർസാന ഒറ്റയ്ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തുയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അഫാന്റെ വീട്ടിൽ നിന്ന് മന്തിയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടടുത്തു. കൊലയ്ക്ക് മുൻപ് അഫാൻ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.

ഇന്നലെ വൈകിട്ടാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി താൻ ആറുപേരെ കൊലപ്പെടുത്തിയെന്ന് അഫാൻ വെളിപ്പെടുത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു വീടുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് മൃത​ദേഹങ്ങൾ കണ്ടെത്തി. അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ ഒൻപതാം ക്ലാസുകാരനായ അഫ്‌സാൻ(14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് വെഞ്ഞാറമൂട് പുതൂർ മുക്കുന്നൂർ അമൽ മൻസിലിൽ സുനിലിെന്റയും ഷീജയുടെയും മകൾ ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടവർ. അഫാന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മാതാവ്‌ ഷമി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ ക്യാൻസർ ബാധിതയാണ്. മകന്റെ കൊടും ക്രൂരതക്ക് കാരണം അറിയില്ലെന്നാണ് ​ഗൾഫിലുള്ള പിതാവ് പ്രതികരിച്ചത്.

നാല് മണിയോടെയാണ് സഹോദരിയുടെ മകൻ നാട്ടിൽ നിന്ന് വിളിച്ച് വിവരം പറഞ്ഞതെന്ന് അഫാന്റെ പിതാവ് പറയുന്നു. അപ്പോഴും തന്റെ ഇളയ മകൻ മരിച്ച വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. ആറ് മാസത്തെ വിസിറ്റിങിന് അഫാൻ സൗദിയിൽ വന്നിരുന്നുവെന്ന് അബ്ദുൾ റഹീം വ്യക്തമാക്കി. സന്തോഷത്തോടെയാണ് തിരിച്ചു പോയത്. പിന്നീട് എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീർക്കാനുള്ള ശ്രമത്തിലായിരുന്നു. അത് നടന്നില്ല. ഇത്തരത്തിൽ ബാധ്യത തീർക്കുന്നതിൽ മകനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് മുൻപാണ് അഫാനെ ഫോണിൽ വിളിച്ചു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മയുടെ മരണമാണ് ആദ്യമറിഞ്ഞതെന്ന് അബ്ദുൾ റഹീം പറയുന്നു. പിന്നാലെ റിയാദിൽ നിന്ന് സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും ഇങ്ങനെ പറ്റിയെന്ന് പറഞ്ഞു. ശേഷം നാട്ടിലുള്ള ഒരാളെ വിളിച്ചപ്പോൾ ഇക്കയുടെ മകനും ഭാര്യയ്ക്കും മകനും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ശേഷം നാട്ടിൽ ഭാര്യയുടെ അനുജത്തിയെ വിളിച്ചു. ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. എന്റെ ഇളയ മകൻ മരിച്ച കാര്യം അപ്പോളും ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു – അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുൻപ് വീട്ടിൽ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫാന് പെൺസുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എന്നാൽ അതിനെ എതിർത്തിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഈ പെൺകുട്ടിയോട് സാമ്പത്തിക സഹായം വാങ്ങിയിരുന്നുവെന്നും അതിൽ പകുതിയോളം താൻ തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. യാതൊരു തർക്കങ്ങളും ഉണ്ടായിരുന്നില്ല. ഏഴ് വർഷമായി അഫാന്റെ പിതാവ് സൗദിയിലാണ്. കുടുംബത്തിൽ ഒരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് ഇടറിപ്പോയതെന്നും വ്യക്തമാക്കി.

പ്രതി അഫാൻ ലഹരിക്ക് അടിമയെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകി ഫർസാനയെ വിളിച്ചിറക്കിക്കൊണ്ടുവന്ന് സ്വന്തം വീട്ടിൽ താമസം ആരംഭിച്ചത്. ഇതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനൊപ്പം ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, മകന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നാണ് പിതാവ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *