Your Image Description Your Image Description

ബെംഗളൂരു: ഡോക്ടറോട് ഫോണിലൂടെ മെസ്സേജ് അയച്ച് അമ്മായിയമ്മയെ കൊല്ലാൻ ഗുളിക ആവശ്യപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഡോ. സുനിൽകുമാർ ഹെബ്ബിയുടെ പരാതിയിലാണ് സഞ്ജയ്നഗർ പൊലീസ് കേസെടുത്തത്. ഫെബ്രുവരി 17നായിരുന്നു സംഭവം. പരിശോധനക്കിടെ ഡോക്ടർക്ക് വാട്സാപ്പിൽ ഒരു യുവതി മെസ്സേജ് അയക്കുകയായിരുന്നു. എന്റെ പേര് സഹാന, ഞാൻ ബെംഗളൂരു സ്വദേശിയാണെന്ന് പറഞ്ഞാണ് യുവതി മെസ്സേജ് അയച്ച് തുടങ്ങിയത്.

എന്ത് സഹായമാണ് വേണ്ടതെന്ന് ഡോക്ടർ മെസ്സേജിന് മറുപടി നൽകി. താൻ പറയുന്ന കാര്യം കേട്ട് ഡോക്ടർ വഴക്കുപറയരുതെന്ന് യുവതി പറഞ്ഞു. അസുഖവുമായി ബന്ധപ്പെട്ട കാര്യമാകുമെന്ന് കരുതി ഡോക്ടർ അത് സമ്മതിച്ചു. അമ്മായിയമ്മയെ കൊല്ലാൻ രണ്ട് ഗുളിക പറഞ്ഞുതരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ ഡോക്ടർ രോക്ഷാകുലനായി. ഇത്തരം ആവശ്യങ്ങൾക്കായി തന്‍റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യരുതെന്നും ഡോക്ടർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പറഞ്ഞു നൽകുന്നതല്ല എന്റെ ജോലിയെന്നും ഡോക്ടർ മറുപടി പറഞ്ഞു.

എന്നാൽ യുവതി വീണ്ടും വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് മെസ്സേജയച്ചു. ഗുളികയുടെ പേര് മാത്രം പറഞ്ഞാൽ മതിയെന്നും രഹസ്യമാക്കി വെക്കുമെന്നുമൊക്കെയായിരുന്നു മെസ്സേജുകൾ. ഇത് ഡോക്ടർ അവഗണിച്ചു. വീണ്ടും തുടർച്ചയായി ഇവർ മെസ്സേജ് അയക്കാൻ തുടങ്ങിയതോടെയാണ് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. അമ്മായിയമ്മ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും അതാണ് ഇത്തരമൊരു മാർഗം തേടാൻ കാരണമെന്നുമാണ് യുവതി പറഞ്ഞത്. മെസ്സേജുകളിലൂടെ മാത്രമാണ് യുവതി ഡോക്ടറെ ബന്ധപ്പെട്ടത്. നേരിട്ട് വിളിക്കുകയോ, കാണണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.

അതേസമയം പരാതി നൽകിയിട്ടും മെസ്സേജ് അ‍യച്ചയാളെ കണ്ടെത്താനുള്ള നടപടിയൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. യഥാർത്ഥത്തിൽ യുവതി തന്നെയാണോ തനിക്ക് മെസ്സേജുകൾ അയച്ചതെന്നും, അതോ തന്നെ കുരുക്കിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണോ മെസ്സേജുകളെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. ആതുരസേവനത്തോടൊപ്പം സാമൂഹിക സേവനത്തിലും ഡോക്ടർ സജീവമാണ്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതിന്‍റെ ഭാഗമായി നിരവധി എതിർപ്പുകൾ ഡോക്ടർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള കുരുക്കാണോ മെസ്സേജുകളെന്ന് സംശയമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്നും ഡോക്ടർ ആവശ്യം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *