Your Image Description Your Image Description

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഒടുവില്‍നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റു. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ഏകദിനത്തില്‍ ഇന്ത്യയുടെ അവസാനത്തെ പ്രധാനനേട്ടം. രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകുമെന്നു കരുതുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടംനേടി ക്യാപ്റ്റനെ സന്തോഷത്തോടെ യാത്രയാക്കാന്‍ താരങ്ങളെല്ലാം പരമാവധി ഉത്സാഹിക്കുമെന്നുറപ്പ്.

2023 നവംബറില്‍ സമാപിച്ച ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ ഒന്‍പത് ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 3-0ത്തിന് ജയിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ആ പരമ്പരയിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ പ്രധാനമാകും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെയാകും. തുടര്‍ന്ന് വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുണ്ടാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകാത്ത കെ.എല്‍. രാഹുലിനുതന്നെയാണ് കൂടുതല്‍ സാധ്യത. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, പേസര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെയും കളിപ്പിച്ചേക്കും. ദുബായിലെ പിച്ചില്‍ സ്പിന്നിന് നേരിയ മുന്‍തൂക്കമുണ്ടാകുമെന്ന് കരുതുന്നതിനാല്‍ പ്രത്യേകിച്ചും.

ജസ്പ്രീത് ബുംറ പരിക്കേറ്റ് പിന്മാറിയ സാഹചര്യത്തില്‍ മുഹമ്മദ് ഷമിക്കൊപ്പം മറ്റൊരു പേസ് ബൗളറായി ആരാണെന്നതില്‍ സംശയമുണ്ട്. ഇടംകൈയനായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരിലൊരാളായിരിക്കും ഇലവനിലുണ്ടാവുക. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹിം, തന്‍സീദ് ഹസന്‍, മെഹ്ദി ഹസന്‍ മിറാസ്, മുസ്താഫിസുര്‍ റഹ്‌മാന്‍, ടസ്‌കിന്‍ അഹമ്മദ് തുടങ്ങി പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *