Your Image Description Your Image Description

ബെംഗളൂരു: നിയമം പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ചേർന്ന് നിയമ ലംഘനം നടത്തുന്ന കാഴ്ച്ചയാണ് നാം കർണാടകയിലെ നിയമ സർവകലാശാലയിൽ കണ്ടത്. നിയമ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളായ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പലായ നാഗരാജൻ ആണ് അറസ്റ്റിലായത്. വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് കമീഷണർ പറഞ്ഞു.

ജനുവരി 23 ന് സംസ്ഥാന നിയമ സർവകലാശാല നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ കോൺട്രാക്റ്റ് ലോ പാർട്ട്-1 ചോദ്യപേപ്പർ ടെലിഗ്രാമിലും വാട്സ്ആപ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു ഇതിനെത്തുടർന്ന് സർവകലാശാല ഉദ്യോഗസ്ഥരും വിജിലൻസ് ഡിവിഷൻ-2 ഓഫിസർ കെ.എൻ. വിശ്വനാഥ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പ്രതികൾ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചോദ്യപേപ്പർ ചോർത്തിയതായി അന്വേഷണത്തിൽ സൈബർ ക്രൈം പോലീസ് കണ്ടെത്തി. അതേ കോളജിലെ വിദ്യാർഥിയായ ജഗദീഷ്, വൈസ് പ്രിൻസിപ്പൽ നാഗരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പർ സ്വന്തം ഉപകരണത്തിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണത്തിൽ ജഗദീഷ് പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകി നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതായും കണ്ടെത്തി. കോലാർ ജില്ലയിലെ ബംഗാർപേട്ടിലുള്ള ഒരു ലോ കോളേജിലെ വിദ്യാർഥിയായ വരുൺ കുമാർ, പരീക്ഷക്ക് ഒരു ദിവസം മുമ്പ് കോളജിൽ എത്തിയ ചോദ്യപേപ്പറുകൾ ആക്‌സസ് ചെയ്‌തു. ആരും കാണാതെ ചോദ്യങ്ങൾ മൊബൈൽ ഫോണിലേക്ക് പകർത്തിയ ശേഷം പണം നൽകുന്ന മുറയ്ക്ക് ഓൺലൈനിൽ ആവശ്യക്കാർക് നൽകി.

കോളേജിന്റെ വിജയശതമാനം മെച്ചപ്പെടുത്താനാണ് താൻ പേപ്പർ ചോർത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോൾ വൈസ് പ്രിൻസിപ്പൽ നാഗരാജ് പറഞ്ഞത്. എന്നാൽ, ഇതിന് പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പോലീസ് സംശയിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന തരത്തിലും അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *