Your Image Description Your Image Description

നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ബൈഡന്‍ ഭരണകൂടം ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് സിഒ ഇലോണ്‍ മസ്‌ക്. ഫോക്‌സ് ന്യൂസിന്റെ ഷോണ്‍ ഹാനിറ്റിയുമായി ആദ്യ സംയുക്ത അഭിമുഖത്തിനായി ട്രംപും മസ്‌കും ഇരുന്നപ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന രണ്ട് ബഹിരാകാശയാത്രികരെ’ കുറിച്ച് ട്രംപിനോടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മസ്‌കിനോടുമുള്ള ഷോണിന്റെ ചോദ്യത്തിന് ‘പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, അല്ലെങ്കില്‍ നിര്‍ദ്ദേശപ്രകാരം, ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് ത്വരിതപ്പെടുത്തിയെന്ന് മസ്‌ക് മറുപടി പറഞ്ഞു. അവരെ ബഹിരാകാശത്ത് ഉപേക്ഷിച്ചതാണെന്ന് ഡോണള്‍ഡ് ട്രംപും തന്റെ അഭിപ്രായം പറഞ്ഞു.

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പേസ് എക്സിന്റെ ദൗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുമ്പ് പലതവണ ബഹിരാകാശ നിലയത്തില്‍ നിന്ന് ബഹിരാകാശയാത്രികരെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു മസ്‌കിന്റെ മറുപടി. അവരെ തിരികെ കൊണ്ടുവരാന്‍ ഏകദേശം നാല് ആഴ്ച എടുക്കുമെന്നും മസ്‌ക് വ്യക്തമാക്കി.
അതേസമയം, മസ്‌കിന്റെ സ്‌പേസ് എക്‌സിന് ബൈഡന്‍ ഭരണകൂടവുമായി മുന്നോട്ട് പോകാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് ട്രംപ് പിന്നീട് ചൂണ്ടിക്കാട്ടുകയും ചെയ്തു.

2024 ജൂണിലാണ് ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ബുച്ച് വില്‍മോറും സുനിത വില്യംസും ഐഎസ്എസിലേക്ക് പുറപ്പെട്ടത്. 10 ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന യാത്രയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, വിമാനത്തിന്റെ സാങ്കേതിക പിഴവിനെ തുടര്‍ന്ന് സുനിതയും വില്‍മോറും ബഹിരാകാശത്ത് തങ്ങാന്‍ തുടങ്ങിയിട്ട് എട്ട് മാസത്തോളമായി. ഇവര്‍ സഞ്ചരിച്ച ബഹാരാകാശ പേടകത്തിന് ഉണ്ടായ സാങ്കേതിക പിഴവായിരുന്നു പറഞ്ഞ സമയത്ത് തിരിച്ച് ഭൂമിയിലെത്താനാകാഞ്ഞത്. നാസയുടെയും ബോയിംഗിലെയും ഉദ്യോഗസ്ഥര്‍ ബഹിരാകാശ നിലയത്തിലെത്തി തകരാര്‍ പരിഹരിക്കാന്‍ ആഴ്ചകളോളം പരിശ്രമിച്ചു, പക്ഷേ ശ്രമം വിഫലമാകുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന്, 2024 ഓഗസ്റ്റില്‍, വില്യംസിനെയും വില്‍മോറിനെയും സ്പേസ് എക്സ് ക്രൂ-9 കാപ്സ്യൂളില്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ സ്പേസ് എക്സിനോട് ബഹിരാകാശ ഏജന്‍സിയായ നാസ ആവശ്യപ്പെടുകയും ചെയ്തു. ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബഹിരാകാശയാത്രികരെയും തിരിച്ചയക്കുന്നതിനായി നാസ മാസങ്ങള്‍ക്ക് മുമ്പ് സ്പേസ് എക്സുമായി സഹകരിച്ചിട്ടും മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നാണ് മസ്‌ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *