Your Image Description Your Image Description

ലോകത്തെ ഏറ്റവും സമ്പന്ന വ്യവസായിയായ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകള്‍ ഇന്ത്യയിലേയ്ക്കുള്ള രംഗപ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. ടെസ്‍ലയുടെ ദീർഘനാളത്തെ ലക്ഷ്യമാണ് ഇന്ത്യൻ മാർക്കറ്റ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു. ടെസ്‌ലയുടെ കടന്നുവരവോടെ ഭീഷണിയാകുക രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊന്നും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നുമായ ടാറ്റ മോട്ടോഴ്സിന് ആണ്.

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി. 2-3 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടെസ്‍ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 21 ലക്ഷം രൂപ വിലയുള്ള കാറുകൾ ഇന്ത്യയിൽ വിൽപനക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ കാറുകളുടെ വില അതിലും ഏറെയാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇന്ത്യയില്‍ വിൽപന ആരംഭിക്കുന്നതിന് ബി.കെ.സി (ബാന്ദ്ര കുര്‍ള കോംപ്ലക്സ്), എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്‍ല സ്ഥലം കണ്ടെത്തിയത്.

ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണി നിലവില്‍ 2 ശതമാനം മാത്രമാണ്. 2030ഓടെ ഇത് 30 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇ.വി നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി നിരവധി ഇന്‍സെന്റീവ് സ്‌കീമുകളും കേന്ദ്രം അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ കുറച്ചു കാലമായി ടെസ്‌ല നീക്കം നടത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കമ്പനിയെ ഇതുവരെ തടഞ്ഞു നിര്‍ത്തിയത്. പുതിയ വൈദ്യുത വാഹന നയപ്രകാരം 500 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്താല്‍ ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന വാഗ്ദാനം കേന്ദ്രം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *