Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് തീവ്രമാകുന്നു. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ട് . സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ജനങ്ങളിൽ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.

യൂറോപ്പിൽ ഉഷ്ണതാപം മൂലം പതിനായിരക്കണക്കിന് പേർ മരിച്ചിരുന്നു. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതിൽ ബാധിക്കും . കൃഷിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. കൃഷി പാറ്റേണിൽ മാറ്റം വരും. വളർത്ത് മൃഗങ്ങളെയും ബാധിക്കുന്നതിനാൽ ക്ഷീരമേഖലയ്ക്ക് വെല്ലുവിളി ഉയരും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രി വരെ വർദ്ധിക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇത് സമുദ്രത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണ്.2016-ൽ സംസ്ഥാനത്ത് 14 ദിവസമാണ് ചൂട് ഇത്രയും ഉയർന്നത്. 1989 ൽ ഒമ്പത് ദിവസവും 2023 ൽ മൂന്ന് ദിവസവും ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നു .

എന്നാൽ 2021, 2022 വർഷങ്ങളിൽ ഒരു ദിവസം പോലും ചൂട് 40 ഡിഗ്രിയിൽ കൂടിയിരുന്നില്ല. നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസം മുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിൽ ചൂട് അമിതമായി വർദ്ധിക്കുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർദ്ധനവ് സമുദ്ര ജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തിലാക്കും.

ശ്രദ്ധവേണ്ട കാര്യങ്ങൾ ………

പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.

നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം, കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *