ബ്രസീലിയൻ ദേശീയ ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കിയ പരിശീലകൻ കാർലോ ആൻസലോട്ടിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ താരം റൊമാരിയോ. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ നെയ്മർ ഇല്ലാത്തത് അംഗീകരിക്കാനാവില്ലെന്നും, ഒരു പരിശീലകനും പ്രതിഭകളെ മാറ്റിനിർത്തി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നെയ്മറുടെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെയാണ് ആൻസലോട്ടി താരത്തെ ഒഴിവാക്കിയത്. എന്നാൽ, നെയ്മറെപ്പോലൊരു താരം 100 ശതമാനം കായികക്ഷമതയിലല്ലെങ്കിൽ പോലും ടീമിലുണ്ടാകുന്നത് മറ്റേതൊരു കളിക്കാരനേക്കാളും ഗുണം ചെയ്യുമെന്ന് ‘ജോർണൽ ഒ ദിയ’യ്ക്ക് നൽകിയ അഭിമുഖത്തിൽ റൊമാരിയോ വ്യക്തമാക്കി.
ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾക്ക് മുന്നോടിയായുള്ള ഒരു മാസത്തെ തയ്യാറെടുപ്പ് സമയം ഏതൊരു താരത്തിനും ശാരീരികമായും സാങ്കേതികമായും ഫോം വീണ്ടെടുക്കാൻ ധാരാളമാണെന്ന് റൊമാരിയോ വാദിക്കുന്നു. “ദേശീയ ടീം എന്നത് ഏറ്റവും മികച്ചവരുടെയും കഴിവുള്ളവരുടെയും വേദിയാണ്. നെയ്മറെപ്പോലൊരു സ്റ്റാർ കളിക്കാരൻ എപ്പോഴും കളിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതി എതിരാളികളിൽ ബഹുമാനവും ഭയവും നിറയ്ക്കാൻ. നിലവിലെ ടീമിൽ അത്തരമൊരു വ്യക്തിത്വത്തിന്റെ കുറവുണ്ട്,” റൊമാരിയോ പറഞ്ഞു. നെയ്മറെ സാധാരണ കളിക്കാരുടെ മാനദണ്ഡങ്ങൾ വെച്ച് വിലയിരുത്തരുതെന്നും അദ്ദേഹത്തിന്റെ അസാധാരണമായ കഴിവ് പാഴാക്കിക്കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൊമാരിയോക്ക് പുറമെ ബ്രസീലിയൻ വിംഗർ റാഫിൻഹയും നെയ്മറെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫിഫ ലോകകപ്പിൽ നെയ്മർ ടീമിലുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി റാഫിൻഹ പറഞ്ഞു. ആൻസലോട്ടിക്കെതിരെ നേരിട്ടുള്ള വിമർശനം നടത്തിയില്ലെങ്കിലും, രാജ്യത്തെ ഏറ്റവും മികച്ച താരത്തെ ടീമിലെടുക്കുന്ന കാര്യത്തിൽ പരിശീലകന് മേൽ വലിയ സമ്മർദ്ദമാണ് ഇപ്പോൾ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ഉണ്ടാകുന്നത്. നെയ്മറുടെ അസാന്നിധ്യം ടീമിന്റെ കെമിസ്ട്രിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബ്രസീലിയൻ ഫുട്ബോൾ പ്രേമികൾ.
