പുതുപ്പള്ളി: വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ് ആണ് സതീശൻ എന്നും ഫ്ലക്സിൽ പറയുന്നു. ബാർ കോഴക്കാലത്ത് ഉമ്മൻചാണ്ടിയെ അഴിമതിക്കാരനാക്കാൻ സതീശൻ ശ്രമിച്ചു. കടും വെട്ട്സർക്കാർ എന്നു പറഞ്ഞു അധിക്ഷേപിച്ചു. നീതിമാനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിനെ മുഖ്യമന്ത്രിയായി അവരോധിക്കരുതെന്നും ഫ്ലക്സിൽ പറയുന്നു. കട്ടപ്പയെ പോലെ സതീശൻ പിന്നിൽ നിന്നും കുത്തുന്ന ചിത്രവും ഫ്ലക്സിലുണ്ട്.
കോണഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് റോഡിലും സൈബർ ഇടത്തിലും ഒരു പോലെ കനക്കുകയാണ്, സതീശൻ മുഖ്യമന്ത്രിയായെന്ന തരത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ചേലക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രൂപ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സത്യപ്രതിജ്ഞ തിങ്കളാഴ്ച എന്നും പോസ്റ്ററിൽ പറയുന്നു.
എന്നാൽ, ഇത് വ്യാജ പ്രചരണമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പോലീസ് സേനയ്‌ക്ക് പിന്നാലെ സതീശന് പിന്തുണയുമായി എക്സൈസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിൽ എക്സൈസ് ഓഫീസിൽ സതീശൻ അനുകൂല മുദ്രാവാക്യം ഉയർന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുള്ളിൽ യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പടക്കം പൊട്ടിച്ചു. കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിൽ ഓഫീസർമാരുടെ പ്രതിമാസ അവലോകന യോഗത്തിനിടെ കോൺഗ്രസ് അനുകൂല മുദ്രാവാക്യമുണ്ടായത്.
