Home » Blog » kerala Mex » ലാലേട്ടന്റെ പിറന്നാളിന് ജോർജ്കുട്ടി എത്തും; ‘ദൃശ്യം 3’ റിലീസ് മെയ് 21-ലേക്ക് മാറ്റി
drishyam-3-680x450

ലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റിവെച്ചു. ഏപ്രിൽ 2-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും, ഇപ്പോൾ മെയ് 21-ലേക്ക് റിലീസ് നീട്ടിയതായി നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ മലയാള സിനിമകളുടെ ഗൾഫ് റിലീസിനെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തീരുമാനം. മെയ് 21 എന്ന തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നടൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുന്നത്.

“ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു” എന്ന ആകാംക്ഷയുണർത്തുന്ന പരസ്യവാചകത്തോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. റിലീസ് നീട്ടിയത് ആരാധകരിൽ ചെറിയ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും, മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രം എത്തുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാ ലോകം. ആട് 3 പോലുള്ള വലിയ ചിത്രങ്ങൾ നിശ്ചയിച്ച സമയത്ത് റിലീസ് ചെയ്യുകയും മികച്ച വിജയം നേടുകയും ചെയ്ത സാഹചര്യത്തിൽ ദൃശ്യം 3 മാറ്റമില്ലാതെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിതരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റം വരുത്തുകയായിരുന്നു.

ചിത്രത്തെക്കുറിച്ച് അമിത പ്രതീക്ഷകളോടെ (ജഗപൊഗ) തിയേറ്ററുകളിലേക്ക് എത്തരുതെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻപ് വ്യക്തമാക്കിയിരുന്നു. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ജോർജുകുട്ടിയുടെ വൈകാരികമായ യാത്രയിലൂടെയാണ് മൂന്നാം ഭാഗം കടന്നുപോകുന്നതെന്നും മുൻവിധികളില്ലാതെ സിനിമയെ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യാതെ ഒരു നല്ല സിനിമ എന്ന നിലയിൽ ദൃശ്യം 3 പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുമെന്ന ആത്മവിശ്വാസവും സംവിധായകൻ പങ്കുവെച്ചു.