തെന്നിന്ത്യൻ സിനിമാലോകത്ത് തനിക്ക് വലിയ സ്വീകാര്യത നൽകിയ ‘സീതാരാമം’ തന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് താൻ കരുതിയിരുന്നതായി നടി മൃണാൾ താക്കൂർ. ഭാഷാപരമായ വെല്ലുവിളികൾ കാരണം നായകനായ ദുൽഖർ സൽമാനോട് ഇക്കാര്യം പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. ‘ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മൃണാൾ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
സീതാരാമത്തിലെ തെലുങ്ക് സാധാരണ സംസാരഭാഷയല്ലെന്നും 70-കളിലേയും 80-കളിലേയും ശൈലിയിലുള്ള സങ്കീർണ്ണമായ ഭാഷയായിരുന്നുവെന്നും മൃണാൾ ഓർത്തെടുത്തു. ഏകദേശം 150 ദിവസത്തോളം നീണ്ട കഠിനാധ്വാനം ഈ ചിത്രത്തിനായി വേണ്ടിവന്നു. ഇത്രയധികം അധ്വാനം ആവശ്യമായതിനാൽ ഇനിയൊരു തെലുങ്ക് ചിത്രം ചെയ്യില്ലെന്ന് അന്ന് കരുതിയിരുന്നു. എന്നാൽ ചിത്രം നൽകിയ ആഗോള അംഗീകാരവും സർഗ്ഗാത്മകമായ സംതൃപ്തിയും ആ സമയത്തെ മൂല്യവത്താണെന്ന് തിരിച്ചറിയിച്ചു.
സിനിമയോട് ഭ്രാന്തമായ അഭിനിവേശമുള്ളവർ എന്ന അർത്ഥത്തിൽ ദുൽഖറിനേയും സംവിധായകൻ ഹനു രാഘവപുടിയേയും ‘സിനിമ പിച്ചി’ എന്നാണ് മൃണാൾ വിശേഷിപ്പിച്ചത്. 2022-ൽ പുറത്തിറങ്ങിയ ‘സീതാരാമം’ 25 കോടി ബജറ്റിൽ നിർമിച്ച് 100 കോടിയിലധികം കളക്ഷൻ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു
