Your Image Description Your Image Description

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീൽഡ് ചെയ്യാനിറങ്ങി പരിശീലകൻ വാൻഡിലെ ഗ്വാവു. പാകിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് സംഭവം. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളിൽ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാകിസ്ഥാനിലേക്ക് വിമാനം കയറിയത്.

പകരക്കാരായി ഇറക്കാൻ താരങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഫീല്‍ഡിങ് പരിശീലകൻ തന്നെ കുറച്ചു നേരത്തേക്ക് ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചത്. ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 37–ാം ഓവറിലായിരുന്നു ഗ്വാവു ഫീൽഡറായി ഗ്രൗണ്ടിലെത്തിയത്. അസാധാരണമായ നീക്കം ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയും ചെയ്തു. ഫീൽഡിങ് പരിശീലകൻ ഫീൽഡറാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം ത്രിരാഷ്ട്ര പരമ്പരയ്ക്കെത്തിയ 12 ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ആദ്യ മത്സരം കളിച്ച ആറു പേരും പുതുമുഖങ്ങളാണ്. ഹെൻറിച് ക്ലാസന്‍, കേശവ് മഹാരാജ് എന്നിവർ പിന്നീട് ടീമിനൊപ്പം ചേർന്നു. 12ന് പാകിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ ഇവർ കളിക്കുമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *