മിഥുൻ മാനുവൽ തോമസ്-ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്നു. റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ 48 കോടി രൂപയ്ക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കിയാണ് ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നത്. മാർച്ച് 19-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിലും വിദേശത്തും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എന്ന റെക്കോർഡും (18 കോടിക്ക് മുകളിൽ) ഈ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
ആദ്യ രണ്ട് ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. മുൻ ഭാഗങ്ങൾ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ തുക ആട് 3 ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ മറികടന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ തിയറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രതിദിനം മുന്നൂറിലധികം എക്സ്ട്രാ ഷോകളാണ് സംസ്ഥാനത്തുടനീളം പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ഈ വൻ വിജയം അവസാന ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ പ്രചോദനമായെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
ബിഗ് ബജറ്റ് എപ്പിക് ഫാന്റസി ചിത്രമായി ഒരുങ്ങിയ ആട് 3, ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പാട്ടും നൃത്തവും ആക്ഷനും ഫാന്റസിയും കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാരീതിയാണ് ചിത്രത്തിന്റേത്. ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ അവധിക്കാല വിരുന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
കേരളത്തിന് പുറത്തും ഗൾഫ് നാടുകളിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഗൾഫിൽ നിന്ന് മാത്രം ഇതിനോടകം 20 കോടി രൂപയ്ക്ക് മുകളിൽ ചിത്രം ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്ഫോമുകളിൽ വൻ ട്രെൻഡിങ് തുടരുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നുറപ്പാണ്. ഷാജി പാപ്പന്റെയും പിള്ളേരുടെയും ഈ ഫാന്റസി റൈഡ് മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
