Home » Blog » kerala Mex » രാഷ്ട്രീയം ചേർത്ത കുടുംബ കഥയുമായി നിവിൻ പോളി! ബി. ഉണ്ണികൃഷ്ണന്റെ ‘പ്രതിഛായ’ മാർച്ച് 26-ന്
prathichaya-680x450

വ്യാജനിർമ്മിതികൾ മൂലം ഒരാളുടെ പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അയാളുടെ കുടുംബത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന പ്രമേയവുമായാണ് നിവിൻ പോളിയുടെ പുതിയ ചിത്രം ‘പ്രതിഛായ’ എത്തുന്നത്. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് 26-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രഞ്ജിനി ഹരിദാസ് സംഘടിപ്പിച്ച ഡിന്നർ മീറ്റിലാണ് സിനിമയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും നിവിൻ പോളി കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചത്.

വർഷങ്ങൾ കൊണ്ട് ഒരാൾ കെട്ടിപ്പടുക്കുന്ന ഇമേജ് ഒറ്റ ദിവസം കൊണ്ട് തകർന്നുപോകാമെന്നും അതിന്റെ ആഘാതം അനുഭവിക്കേണ്ടി വരുന്നത് ആ വ്യക്തി മാത്രമല്ല, അയാളുടെ കുടുംബം കൂടിയാണെന്നും നിവിൻ പോളി പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. സിനിമയിൽ നായകൻ, വില്ലൻ എന്നിങ്ങനെ വേർതിരിക്കാനാവില്ലെന്നും എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷേഡുകൾ ഉണ്ടെന്നും, വില്ലനിലും ഒരു നായകൻ ഒളിഞ്ഞിരിപ്പുണ്ടെന്നും നിവിൻ വ്യക്തമാക്കി.

ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പേസും അടിത്തറയും ഉണ്ടെന്നാണ് അണിയറപ്രവർത്തകരുടെ അഭിപ്രായം. നിവിൻ പോളിയുടെ കരിയറിലെ ഒരു മൈൽസ്റ്റോൺ ചിത്രമായിരിക്കും ഇതെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണിതെന്നും നടൻ മണിയൻപിള്ള രാജു വിശേഷിപ്പിച്ചു. നാൽപ്പത് വർഷത്തെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലേതെന്ന് നടൻ ഹരിശ്രീ അശോകനും പറഞ്ഞു. പുതുമുഖ നടി നീതു കൃഷ്ണ ബി. ഉണ്ണികൃഷ്ണന്റെ സംവിധാന മികവിനെക്കുറിച്ചും ഷൂട്ടിംഗ് സെറ്റിലെ മികച്ച അനുഭവങ്ങളെക്കുറിച്ചും വാചാലയായി.

ഷറഫുദ്ദീൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വൈകാരികമായ ഒരു ഡ്രാമയായിരിക്കും ‘പ്രതിഛായ’യെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. പാട്ടും കുടുംബബന്ധങ്ങളും രാഷ്ട്രീയവുമെല്ലാം ചേരുന്ന ഈ ചിത്രം നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.