Your Image Description Your Image Description

ഭോപ്പാൽ: ലൗ ജി​ഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ കോടതി വളപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം. നർസിങ്പൂർ സ്വദേശിയായ യുവാവിനെയാണ് വലതു സംഘടനയിലെ ആളുകൾ ക്രൂരമായി മർദ്ദിച്ചതെന്നാണ് റിപ്പോർട്ട് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യുവാവിനെ ഒരുസംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു യുവതിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് യുവാവ് ആക്രമണത്തിനിരയായത്.

വേദന കൊണ്ട് പുളയുന്ന യുവാവിനെ തുടരെത്തുടരെ മർദ്ദിക്കുന്ന രണ്ട് പേരെ വീഡിയോയിൽ കാണാം. അതേ സമയം ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും വീഡിയോയുടെ ആധികാരികത പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. നർസിങ്പൂർ സ്വദേശിയാണ് ക്രൂരമർദ്ദനത്തിന് ഇരയായതെന്നും പിപാരിയ സ്വദേശിയായ ഹിന്ദു യുവതിയെ കോടതിയിൽ വിവാഹം കഴിക്കാനായി ഭോപ്പാലിലെത്തിയതാണെന്നും വൃത്തങ്ങൾ അറിയിച്ചു.

യുവാവും യുവതി അവരുടെ രേഖകൾ നോട്ടറൈസ് ചെയ്യാനായി അഭിഭാഷകനെ കാണാൻ ജില്ലാ കോടതിയിൽ എത്തിയതായിരുന്നു. സംഭവത്തിൽ ചർച്ചയ്ക്കായി അവരുടെ കുടുംബങ്ങളെ വിളിച്ചിട്ടുണ്ടെന്നും എംപി നഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയ് ഹിന്ദ് ശർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്രൂര മർദനത്തിന് ഇരയായ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി വരികയാണെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി കൂട്ടിച്ചേർത്തു. സംഭവത്തിൽ പങ്കാളികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം”ലൗ ജിഹാദ്” ഗൂഢാലോചനയാണ് വിവാഹത്തിന് പിന്നിലെന്ന് വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ച് ആരോപിക്കുന്നത്. യുവതിയെ ലൗജിഹാദിൽ കുടുക്കിയതാണെന്നും ഇവർ പറയുനന്നു. അഭിഭാഷകരിൽ നിന്ന് വിവരം ലഭിച്ചപ്പോൾ തങ്ങൾ ഇടപെട്ടതാണെന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് പ്രസിഡൻ്റ് ചന്ദ്രശേഖർ തിവാരി പറഞ്ഞു. മുസ്ലീം യുവാവിനെതിരെ കർശന നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *