ഇന്ത്യയിൽ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ പ്രമുഖ ഫോൺ നിർമ്മാതാക്കൾ എതിർക്കുന്നതായി റിപ്പോർട്ട്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച ഈ ആവശ്യം ചർച്ച ചെയ്യുന്നതിനായി ഐടി മന്ത്രാലയം ഈ വർഷം ജനുവരിയിൽ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാർ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
ഫോണുകളിലെ ക്ലോക്ക്, കാൽക്കുലേറ്റർ എന്നിവയ്ക്ക് സമാനമായി ആധാർ ആപ്പും സിസ്റ്റം ആപ്പായി ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ എളുപ്പമാക്കുമെന്ന് അധികൃതർ കരുതുന്നു. നേരത്തെ ടെലികോം തട്ടിപ്പ് തടയാനായി ‘സഞ്ചാർ സാഥി’ ആപ്പ് സമാനമായ രീതിയിൽ നിർബന്ധമാക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ശക്തമായ വിമർശനങ്ങളെത്തുടർന്ന് സർക്കാർ അതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള പുതിയ ആധാർ ആപ്പിനായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഫോൺ നിർമ്മാതാക്കളുടെ സംഘടനയായ മെയ്റ്റ് ഈ നിർദ്ദേശത്തെ പ്രധാനമായും എതിർക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഡാറ്റ കൈകാര്യം ചെയ്യുന്ന ആപ്പ് ഫോണുകളിൽ നിർബന്ധമാക്കുന്നത് സുരക്ഷാ ഭീഷണിയാകുമെന്ന് കമ്പനികൾ ആശങ്കപ്പെടുന്നു. റഷ്യ ഒഴികെ മറ്റൊരു രാജ്യവും സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കുന്നില്ലെന്നും കമ്പനികൾ കേന്ദ്രത്തെ അറിയിച്ചു.
സാങ്കേതികമായ വെല്ലുവിളികളും ഈ നീക്കത്തിന് തടസ്സമാകുമെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആധാർ ആപ്പ് നിർബന്ധമാക്കിയാൽ ഇന്ത്യയിലെ വിപണിക്ക് മാത്രമായി പ്രത്യേക ഉത്പാദന ലൈനുകൾ സജ്ജമാക്കേണ്ടി വരും. ഇത് നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കാനും ലോജിസ്റ്റിക് പ്രശ്നങ്ങൾക്കും കാരണമാകും. ഈ വർഷം ജനുവരിയിൽ UIDAI പുറത്തിറക്കിയ പുതിയ ആപ്പിൽ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും, നിർബന്ധിത ഇൻസ്റ്റാളേഷൻ തങ്ങളുടെ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് കമ്പനികളുടെ നിലപാട്.
