Your Image Description Your Image Description

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി.

എറണാകുളം തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും. മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളിൽ (ഏത് സ്ട്രീമിൽപ്പെട്ട സ്കൂ‌ൾ ആണെങ്കിലും) സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിനെതിരെയടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 15-നാണ് മിഹിര്‍ എന്ന 15 കാരന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 26 നിലയില്‍ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. മിഹിറിന്റെ കൂട്ടുകാര്‍ അമ്മയ്ക്ക് അയച്ചു നല്‍കിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. വാഷ് റൂമിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും, ക്ലോസറ്റില്‍ മുഖം മുക്കി വച്ച് ഫ്‌ലഷ് അടിക്കുകയും, നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു എന്ന് മിഹിറിന്റെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *