Your Image Description Your Image Description

സ്വര്‍ണം എന്നത് എക്കാലത്തും മികച്ചൊരു നിക്ഷേപമാര്‍ഗം തന്നെയാണ്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി മാറ്റുന്നതില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പല തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്. ആഭരണങ്ങളില്‍ തന്നെ നിക്ഷേപം നടത്തണമെന്നതാണ് അവയിലൊന്ന്.

ആഭരണങ്ങളില്‍ മാത്രമല്ല, മറ്റ് പല രീതിയിലും സ്വര്‍ണത്തില്‍ നമുക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. സ്വര്‍ണ നിക്ഷേപത്തിന്റെ പരമ്പരാഗത മാര്‍ഗമായി കണക്കാക്കി വരുന്നത് ഫിസിക്കല്‍ ഗോള്‍ഡിനെയാണ്. നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെയാണ് ഫിസിക്കല്‍ ഗോള്‍ഡില്‍ വരുന്നത്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ക്ക് നാണയങ്ങള്‍, ബാറുകള്‍ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആഭരണങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയാണ് ഇവയ്ക്ക് വരുന്നത്. നാണയങ്ങളായോ ബാറുകളായോ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ പരിശുദ്ധി ഉറപ്പിക്കുന്നതിനായി ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

മറ്റൊരു മികച്ച മാര്‍ഗമാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇടിഎഫ്. സ്വര്‍ണം കൈവശം വെക്കാതെ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇടിഎഫിലുള്ള ഓരോ യൂണിറ്റും ഒരു നിശ്ചിത അളവ് സ്വര്‍ണമാണ്. സ്വര്‍ണ ഇടിഎഫുകള്‍ ട്രേഡ് ചെയ്യുന്നതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന മറ്റൊരു മാര്‍ഗമാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അഥവാ എസ്ജിബി. സ്വര്‍ണത്തിന് വിപണിയിലുള്ള വിലയുമായി ബന്ധപ്പെടുത്തിയുള്ള റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം 2.5 ശതമാനം വാര്‍ഷിക പലിശയും സോവറീന്‍ ഗോള്‍ഡ് ബോണ്ട് വഴി ലഭിക്കും. ഈ ബോണ്ടുകള്‍ക്ക് എട്ട് വര്‍ഷത്തെ കാലാവധിയാണുള്ളത്. അഞ്ച് വര്‍ഷത്തിന് ശേഷം എക്‌സിറ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല, നികുതി ഇളവും ലഭിക്കുന്നതാണ്.

ഇതൊന്നും സാധിക്കാതെ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു നിശ്ചിത തുക തവണകളായി അടച്ച് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ പദ്ധതിയുടെ നിബന്ധനകള്‍ മനസിലാക്കിയ ശേഷം മാത്രം ഭാഗമാകുക.

ഇതിനെല്ലാം പുറമെ മറ്റൊരു മാര്‍ഗം കൂടിയുണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്. 1 രൂപ മുതല്‍ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. പേടിഎം, ഫോണ്‍പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ചില ബ്രോക്കറേജ് സ്ഥാപനങ്ങളിലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുന്നതിനുള്ള സൗകര്യമുണ്ട്.

മുന്നറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക.

Leave a Reply

Your email address will not be published. Required fields are marked *