അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെ ഇറാന്റെ നട്ടെല്ലായ പ്രകൃതിവാതക സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെയും ഊർജ്ജ വിതരണത്തിന്റെയും കേന്ദ്രബിന്ദുവായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങളിലാണ് ആക്രമണം ഉണ്ടായത്. തെക്കുപടിഞ്ഞാറൻ ഇറാനിലെ അസലുയെയിലുള്ള സ്പെഷ്യൽ എക്കണോമിക് എനർജി സോണിലെ പ്ലാന്റുകൾക്ക് നേരെയാണ് ‘അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ’ ആക്രമണം നടത്തിയതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ പടർന്ന തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അടിയന്തര സേന.
ഇറാന്റെ ഊർജ്ജ മേഖലയെ ഇസ്രയേൽ നേരിട്ട് ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. നേരത്തെ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച ഘട്ടത്തിൽ തന്നെ, ആവശ്യമായി വന്നാൽ എണ്ണപ്പാടങ്ങളെയും ലക്ഷ്യമിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിന് പിന്നാലെയാണ് ഇപ്പോൾ ഗ്യാസ് പ്ലാന്റുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇതിലൂടെ ഇസ്രയേൽ ലക്ഷ്യമിടുന്നത്.
