Your Image Description Your Image Description

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്കാർ വീണ്ടും വിദ്യാർത്ഥിയെ മർദിച്ചു. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം. വിദ്യാർഥികൾ കണ്ടോൺമെന്റ് പോലീസിൽ പരാതി നൽകി. അതേസമയം അബ്ദുല്ല അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയൻ ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ ഭിന്നശേഷി വിദ്യാർത്ഥിയെ മർദ്ദിച്ചതിനെ തു‌ടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് അന്ന് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നായിരുന്നു മുഹമ്മദ് അനസിന്റെ പരാതി.

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അനസിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയേയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *