Your Image Description Your Image Description

ഡൽഹി: സുപ്രീം കോടതി ജഡ്‌ജിയായി മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി. ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

സുപ്രീം കോടതി ബെഞ്ചിൽ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലെന്ന് കൊളീജിയം പരിഗണിച്ചതിന് പിന്നാലെയാണ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചത്. ജസ്റ്റിസ് സി ടി രവികുമാർ കഴിഞ്ഞയാഴ്‌ച വിരമിച്ചതോടെ കേരളത്തിൽ നിന്നുള്ള ഒരു ജഡ്‌ജിയും സുപ്രീം കോടതിയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി ജഡ്‌ജിയായി വിനോദ് ചന്ദ്രനെ നിയമിച്ചത്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു. 2023 മാർച്ച് 29 ന് പട്‌നയിലെ ഹൈക്കോടതി ഓഫ് ജുഡീഷ്യറിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്‌ജിയായും ഒരു വർഷത്തിലേറെയായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *