Your Image Description Your Image Description

ഡൽഹി: കർഷകർക്കുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്‌– ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന് പിന്തുണയുമായി 111 കർഷകർകൂടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കറുത്ത വസ്ത്രം ധരിച്ചാണ് കർഷകർ മരണം വരെ നിരാഹാരം തുടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പൂർത്തിയായത്. ഭക്ഷണം കഴിക്കാതെ വെള്ളംമാത്രം കുടിച്ചാണ്‌ അദ്ദേഹം ജീവൻ നിലനിർത്തുന്നത്‌. വിളകൾക്ക്‌ സ്വമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്‌ത താങ്ങുവില പ്രഖ്യാപിക്കുക, വിള ഇൻഷുറൻസ്‌ ഏർപ്പെടുത്തുക, കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ഖനൗരി, ശംഭു പോയിന്റുകളിൽ കർഷക സമരം തുടരുന്നത്‌.അതേസമയം, ഇവിടങ്ങളിൽ സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) , കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) സംഘടനകളുടെ അഭ്യർത്ഥന മാനിച്ച്‌ സംയുക്ത കിസാൻമോർച്ച തിങ്കളാഴ്‌ച ഐക്യചർച്ച നടത്തിയിരുന്നു. ഒന്നിച്ചുള്ള സമരങ്ങൾ ആവിഷ്‌ക്കരിക്കാനായി 18ന്‌ വീണ്ടും യോഗം ചേരും. രാവിലെ മുതൽ, പഞ്ചാബിലെ ആരോഗ്യ വകുപ്പ് ഏത് അടിയന്തര സാഹചര്യവും നേരിടാൻ മെഡിക്കൽ ടീമുകളെയും ആംബുലൻസുകളേയും വിന്യസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *