Your Image Description Your Image Description

ഷിംല: സാധാരണ വൈദ്യുതിയില്‍ നിന്നാണ് ഷോക്ക് അടിക്കുന്നത്. എന്നാൽ, വൈദ്യുതിബില്ല് കണ്ട് ‘ഷോക്കേറ്റ’ അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയിലെ ബെഹര്‍വിന്‍ ജട്ടന്‍ ഗ്രാമത്തിലെ ലളിത് ധിമന്‍ എന്ന വ്യവസായിയാണ് തനിക്ക് ലഭിച്ച വൈദ്യുതി ബില്ല് കണ്ട് ഷോക്കേറ്റ് നിന്നത്. കഴിഞ്ഞ മാസം 2500 രൂപ ബില്ല് വന്ന സ്ഥാനത്ത് ഇത്തവണ വന്നത് ആയിരവും പതിനായിരവും ലക്ഷവും കടന്ന് 200 കോടിയുടെ ബില്ലാണ് ലളിതിന് കിട്ടിയത്. 2024 ഡിസംബറിലെ ബില്ലില്‍ 2,10,42,08,405 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകാതെ ലളിത് ധിമന്‍ വൈദ്യുതി ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് കാര്യം തിരക്കി. ഇവരുടെ പരിശോധനയില്‍ സാങ്കേതിക തകരാറ് മൂലം സംഭവിച്ച പിഴവ് മൂലമാണ് ഇത്രയും വലിയ തുക ബില്ലില്‍ അടിച്ചുവന്നത് എന്ന് മനസിലാക്കി. പിന്നാലെ ധിമന് 4047 രൂപയുടെ ‘സ്വന്തം’ ബില്ല് ലഭിച്ചു. അത് കണ്ടപ്പോഴാണ് വ്യാപാരിക്ക് ശ്വാസം നേരെ വീണത്. വൈദ്യുതി വകുപ്പിന് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത് ഇത് ആദ്യമല്ല. സാങ്കേതിക തകരാറുകള്‍ മൂലം വൈദ്യുതി വകുപ്പിന് അബദ്ധം പറ്റുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ വല്‍സദ് ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. മുസ്ലിം അന്‍സാരി എന്ന വ്യാപാരിക്ക് വൈദ്യുതി ബില്ലായി ലഭിച്ചത്, 86 ലക്ഷം രൂപയായിരുന്നു. ശേഷം നടത്തിയ പരിശോധനയില്‍ മീറ്ററിലെ തകരാറ് മൂലമാണ് അബദ്ധം സംഭവിച്ചത് എന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *